സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളിയായി സംസ്ഥാന സര്‍ക്കാരും ഓണ്‍ലൈന്‍ വിപണിയിലേക്ക്

May 14, 2018 0 By Editor

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളുടെയും ഉല്‍പന്നങ്ങള്‍ക്കും ഒപ്പം കാര്‍ഷിക വിളകള്‍ക്കും വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ വക ഓണ്‍ലൈന്‍ വിപണന സംവിധാനം ആരംഭിക്കുന്നു. സ്വകാര്യ കമ്പനികള്‍ അരങ്ങുവാഴുന്ന ഈ രംഗത്തെ വാണിജ്യസാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ ചുവടുവെപ്പ്. ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ വെബ്‌പോര്‍ട്ടലുകള്‍ക്കായുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. സര്‍ക്കാറിെന്റ പുതിയ  ഐ.ടി. കരട് നയത്തില്‍ ഓണ്‍ലൈന്‍ വിപണി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യസാധനങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, കയര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഉല്‍പന്നങ്ങള്‍ക്കുള്ള കേന്ദ്രീകൃത വിപണി എന്നതാണ് പുതിയ സംവിധാനത്തിെന്റ പ്രത്യേകത. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകളുടെ വിവരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാം. സംഭരണ സൗകര്യം ഒരുക്കേണ്ടതുമില്ല. ചെറുകിടഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും ഓണ്‍ലൈന്‍ വിപണയില്‍ ഇടം നല്‍കാനും ആലോചനയുണ്ട്. കുടുംബശ്രീയുടെയും ഉല്‍പന്നങ്ങളടക്കം വിപുലമായ ശൃംഖലയാണ് ആലോചിക്കുന്നത്. സ്റ്റാര്‍ട്ടപുകളുടെ ഉല്‍പന്നങ്ങള്‍ക്കും വിപണിയില്‍ ഇടമുണ്ടാകും. ഇടനിലക്കാരില്ലാതെ സാധനങ്ങള്‍ ഉപേഭാക്താവിന് നേരിട്ട് എത്തിക്കാമെന്നതാണ് ഓണ്‍ലൈന്‍ വിപണിയുടെ സവിശേഷത. ഡെബിറ്റ് കാര്‍ഡും നെറ്റ് ബാങ്കിങ്ങും വഴിയുള്ള ഓണ്‍ൈലന്‍ പണമടയ്ക്കലുകള്‍ക്കും ഒപ്പം ഓര്‍ഡര്‍ കൈപ്പറ്റുന്ന സമയത്ത് പണമടയ്ക്കുന്നതിനും സംവിധാനമുണ്ടാകും. തപാല്‍ വകുപ്പുമായി സഹകരിച്ചാണ് വിതരണ ശൃംഖലയൊരുക്കുക. ഓര്‍ഡര്‍ ലഭിച്ച് നാലു ദിവസത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കും. സാേങ്കതിക സഹായത്തിനും മേല്‍നോട്ടത്തിനുമായി പ്രത്യേക വിഭാഗത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററും സജ്ജമാക്കും.

അതേസമയം, ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ നിബന്ധമാക്കുമെന്ന് ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ കെല്‍ട്രോണിന്റെ മുന്‍ കൈയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശ വികസന കോര്‍പറേഷനും ഓണ്‍ലൈന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി പണമടച്ച് ഓര്‍ഡര്‍ നല്‍കിയാല്‍ എട്ടിനം ഉണക്കമീന്‍ വീട്ടിലെത്തിക്കുന്നതാണ് തപാല്‍ വകുപ്പുമായി ചേര്‍ന്നുള്ള തീരദേശ വികസന കോര്‍പറേഷന്റെ പദ്ധതി. പുതിയ പ്ലാറ്റ്‌ഫോം വരുന്നതോടെ ഈ വിപണന രീതികളെല്ലാം ഏകീകരിക്കപ്പെടും.