ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍; സഹകരിക്കാതെ എസ്‌എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍

ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍; സഹകരിക്കാതെ എസ്‌എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍

June 8, 2020 0 By Editor

 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവയാണ് ഈ തീരുമാനവുമായി മുന്നോട്ടു വന്നത്. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെ ടി ടി കെ ദേവസ്വത്തിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂണ്‍ 30 വരെ തുടരും. എന്നാല്‍, ഇവിടങ്ങളിലെല്ലാം നിത്യപൂജകള്‍ മുടക്കമില്ലാതെ നടക്കും. ജൂണ്‍ മുപ്പത് വരെ തിരുമല ക്ഷേത്രത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിന്‍ തിരുമല ദേവസ്വം കമ്മിറ്റിയും വ്യക്തമാക്കി. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഇതേ തീരുമാനം എടുത്തിട്ടുണ്ട്. എന്‍ എസ് എസിന് കീഴിലുള്ള ക്ഷേത്രങ്ങളും തുറക്കില്ല. കോഴിക്കോട് പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് തീരുമാനം.

എസ്‌എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ ആകും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ച്‌ രണ്ടായിരത്തോളം ക്ഷേത്രങ്ങളും ഗുരു ക്ഷേത്രങ്ങളും തുറക്കാനാണ് എസ്‌എന്‍ഡിപിയുടെ തീരുമാനം.