സര്‍ക്കാരിന് തിരിച്ചടി; നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന അപേക്ഷ കോടതി  തള്ളി

സര്‍ക്കാരിന് തിരിച്ചടി; നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന അപേക്ഷ കോടതി തള്ളി

September 22, 2020 0 By Editor

തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും പ്രതികളായ കേസിലാണ് നിര്‍ണായക ഉത്തരവ്. കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് 2015 ല്‍ നിയമസഭയില്‍ കൈയ്യാങ്കളി അരങ്ങേരിയത്. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് കഴിഞ്ഞ സഭയിലെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേയാണ് കേസ്. വി. ശിവന്‍കുട്ടിയായിരുന്നു ഒന്നാം പ്രതി. ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരുമായിരുന്നു മറ്റു പ്രതികള്‍.
നേരത്തെ പ്രതികളിലൊരാളായ മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെ അപേക്ഷയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയും കോടതിയുടെ മുന്നിലുണ്ട്.