പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍

October 21, 2020 0 By Editor

പാരീസ്: പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതു പാരീസ് നഗരമധ്യത്തില്‍ അധ്യാപകന്‍ സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തിനു പിന്നാലെ കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍. കൊലപാകതത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതര്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുൻപായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അതേസമയം, ഇസ്സാംമതമൗലിക വാദികളുമായി ബന്ധമുള്ള സംഘടനകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് തുടരുകയാണ്. തീവ്ര മതവിശ്വാസികളായി സര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന 213 വിദേശികളെ നാടുകടത്താന്‍ അധികൃതര്‍ തയാറെടുക്കുകയാണ്. ഇതില്‍ 150 ഓളം പേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.

ദിവസങ്ങള്‍ക്കു മുന്‍പാണ് പാരീസ് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ചെച്‌നിയിന്‍ സ്വദേശിയായ പതിനെട്ടുകാരന്‍ ‘അള്ളാഹു അക്ബര്‍’ വിളികളോടെ അധ്യാപകനം കഴുത്ത് അറുത്ത് കൊന്നത്. മിഡില്‍ സ്‌കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന്‍ സാമുവല്‍ പി. പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ചാര്‍ലി ഹെബ്ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചു. ഇതാണ് തീവ്രവാദിക്ക് പ്രകോപനമായത്. അതേസമയം, പാരീസിലും മറ്റിടങ്ങളിലും കൊലപാതകത്തിനെതിരേ വ്യാപകമായ ജനറോഷം ഉയരുകയാണ്. ഞാനും സാമുവല്‍ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് സമരം.