കണ്ണഞ്ചേരി അപകടം ; ആളപായം കുറഞ്ഞത്  കണ്ടെയ്​ന്‍മെന്‍റ്​ സോണായതിനാല്‍

കണ്ണഞ്ചേരി അപകടം ; ആളപായം കുറഞ്ഞത് കണ്ടെയ്​ന്‍മെന്‍റ്​ സോണായതിനാല്‍

October 23, 2020 0 By Editor

കണ്ണഞ്ചേരി കെട്ടിടം തകർന്നു വീണതിൽ ആളപായം കുറഞ്ഞത് കണ്ടെയ്​ന്‍മെന്‍റ്​ സോണായതിനാല്‍,വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടം വീഴുന്ന ശബ്ദംകേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. കെട്ടിടത്തിനടിയിൽ എത്ര പേരുണ്ടാകുമെന്ന ആശങ്കയായിരുന്നു പ്രദേശവാസികളിൽ.കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും റോഡിലേക്ക്​ വീണിരുന്നു. കണ്ണഞ്ചേരി നടുവീട്ടില്‍ രാമചന്ദ്രനാ(64)ണ് മരിച്ചത്. രാമചന്ദ്രന്റെ മൃതദേഹം അപകടം നടന്ന്​ അര മണിക്കൂര്‍ പിന്നിട്ടതോടെ സ്ലാബ്​ പൊളിച്ച്‌​ പുറത്തെടുക്കാനായി. മുകളിലെ നിലയില്‍ ദീപ ഫാന്‍സി കടയുടെ ഗോഡൗണില്‍ വാതില്‍ കട്ടിലിനടിയില്‍ മുഖം അമര്‍ന്ന നിലയിലായിരുന്നു മൃതദേഹം​. കാര്യമായ പരിക്കൊന്നും കാഴ്​ചയിലില്ലായിരുന്നു. പതിവായി മൂന്ന്​ പേര്‍ അദ്ദേഹത്തോടൊപ്പം ഇവിടെ ഉണ്ടാവാറുണ്ടെന്ന്​ നാട്ടുകാര്‍ പറഞ്ഞു.

എട്ട്​ മുറികളുള്ള കെട്ടിടത്തില്‍ ടെയിലര്‍ഷോപ്പ്​, വാടക സ്​​റ്റോര്‍, സ്വര്‍ണപണയവായ്​പ സ്​ഥാപനം, ഗോഡൗണ്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. ചതുപ്പ്​ നിലത്തായിരുന്നു കെട്ടിടം നിന്നത്​. പിന്നില്‍ വെള്ളക്കെട്ടുമുണ്ട്​. അടിത്തറയടക്കം തകര്‍ന്നുപോയിട്ടുണ്ട്​. കണ്ടെയ്​ന്‍മെന്‍റ്​ സോണായതിനാല്‍ കടകള്‍ നേരത്തെ അടച്ചത്​ ആളപായം കുറയാന്‍ കാരണമായി. പൊതുവെ റോഡില്‍ തിരക്കില്ലാത്ത സമയത്താണ്​ അപകടമുണ്ടായത്​. രണ്ട്​ ജെ.സി.ബിയുപയോഗിച്ചാണ്​ സ്ലാബ്​ നീക്കംചെയ്​തത്​. മീഞ്ചന്ത, ബീച്ച്‌​ ഫയര്‍സ്​റ്റേഷനുകളില്‍ നിന്ന്​ പത്ത്​ യൂനിറ്റ്​ ഫയര്‍ഫോഴ്​സ്​ രക്ഷാപ്രവര്‍ത്തനത്തിനെത്തി. എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ നമ്ബിടി നാരായണന്‍, ജില്ല കലക്​ടര്‍ വി.സാംബശിവ റാവു, തഹസില്‍ദാര്‍ ഗോകുല്‍ദാസ്​ തുടങ്ങിയവര്‍ സ്​ഥലത്തെത്തി. ഫയര്‍ഫോഴ്​സ്​ ഉദ്യോഗസ്​ഥരായ റഷീദ്​, രജീഷ്​, സതീഷ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അസി. കമീഷണറുടെ നേതൃത്വത്തില്‍ പൊലീസും​ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്​ സഹായിച്ചു.