ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു

November 5, 2020 0 By Editor

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സംഭവം നടന്നത് ഒക്ടോബര്‍ 29 നാണ്.

ക്ഷേത്രത്തില്‍ നിസ്കരിക്കുന്ന യുവാക്കളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.ക്ഷേത്രത്തിലെ ജീവനക്കാരനായ കന്ഹ ഗോസ്വാമിയാണ്‌ യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി ഹിന്ദുമത വിശ്വാസികളും രംഗത്തു വന്നിരുന്നു.മഥുരയിലെ നന്ദമഹല്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നിസ്കാരം നടത്തിയ സംഭവത്തില്‍ ഫൈസലിനെ കൂടാതെ മറ്റു 3 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഫൈസലിനൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച മുസ്ലീം യുവാവ് മുഹമ്മദ്‌ ചന്ദ്, ഗാന്ധിയന്‍ ആക്ടിവിസ്റ്റുകളായ അലോക് രത്തന്‍, നിലേഷ് ഗുപ്ത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 153 A (രണ്ട് സമുദായങ്ങള്‍ക്കിടയിലോ മതവിശ്വാസികള്‍ക്കിടയിലോ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുക),505 (രണ്ട് സമുദായങ്ങള്‍ക്കിടയിലോ മതവിശ്വാസികള്‍ക്കിടയിലോ ഭയമോ ആശങ്കയോ ഉണ്ടാക്കും വിധത്തില്‍ അധിക്ഷേപകരമോ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റായതോ ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കുക ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.