ബിഹാർ വിജയം സർക്കാരിന്റെ കോവി‍ഡ് പ്രതിരോധത്തിനുള്ള അംഗീകാരം: നരേന്ദ്ര മോദി

ബിഹാർ വിജയം സർക്കാരിന്റെ കോവി‍ഡ് പ്രതിരോധത്തിനുള്ള അംഗീകാരം: നരേന്ദ്ര മോദി

November 11, 2020 0 By Editor

പട്ന: ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടു മാത്രമല്ല, ജനാധിപത്യത്തിന്റെ ആഘോഷത്തിൽ അവരെല്ലാം പങ്കാളികളായതു കൊണ്ടാണെന്നും മോദി പറഞ്ഞു. ബിഹാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘ഈ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ആത്മാർഥമായി സഹകരിച്ച എല്ലാ എൻഡിഎ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. വിജയത്തിനു ചുക്കാൻ പിടിച്ച ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയേയും അഭിനന്ദിക്കുന്നു. എങ്ങനെ ഇതു സാധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് നമുക്ക് അതിന്റെ ഉത്തരം കണ്ടെത്താം. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ മാത്രമേ രാജ്യസേവനം ഏൽപ്പിക്കുകയുള്ളൂവെന്ന് ജനങ്ങൾ വീണ്ടും വീണ്ടും വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കും പ്രധാന വിഷയം. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം– ഇവ മൂന്നുമാണ് ബിഹാർ തിരഞ്ഞെടുപ്പിന്റെ വിജയരഹസ്യം.ബിഹാറിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയം.

ജനതാ കർഫ്യൂ മുതൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കോവിഡിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരോ ജീവനും ഇന്ത്യയുടെ വിജയകഥയുടെ ഭാഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വികസനം മാത്രമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ജനങ്ങൾ കാണിച്ചു തന്നിരിക്കുന്നു.’– മോദി പറഞ്ഞു.