മലപ്പുറത്ത് കാട്ടാനയിൽനിന്ന് കുടുംബത്തെ രക്ഷിച്ച് ജിമ്മിയെന്ന വളർത്തുനായ

എടക്കര : കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിയേണ്ടതായിരുന്നു ഉദിരംകുളം മങ്ങാട്ടൂർ സുന്ദരന്റെ ഒൻപതംഗ കുടുംബം. വളർത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവനാണ് കുരച്ചും മാന്തിയും…

എടക്കര : കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിയേണ്ടതായിരുന്നു ഉദിരംകുളം മങ്ങാട്ടൂർ സുന്ദരന്റെ ഒൻപതംഗ കുടുംബം. വളർത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവനാണ് കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി മുന്നറിയിപ്പു കൊടുത്തത്. കരിയംമുരിയം വനത്തിന്റെ സമീപമാണ് സുന്ദരന്റെ വീട്. വീടിനോടുചേർന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ മറയാണ് ചായ്പിനുള്ളത്. വളർത്തുനായ ജിമ്മി ശബ്ദത്തിൽ കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റിൽ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് മുറ്റത്ത് നിൽക്കുന്ന കൊമ്പനെ. അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചു. ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കൾ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂരതകർത്ത ആന ചായ്പിനുള്ളിലേക്ക് കയറാൻ വീണ്ടും ശ്രമിച്ചു. വീട്ടുകാരുടെ കൂട്ടനിലവിളിയിലും ജിമ്മിയുടെ പരാക്രമത്തിലും അമ്പരന്ന് ആന പിന്തിരിഞ്ഞു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പൻകൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. കാടതിർത്തിവരെ ആനയെ പിന്തുടർന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story