കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എക്സ്റേ യൂനിറ്റുകൾ പ്രവർത്തിക്കുന്നില്ല
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള എക്സ്റേ യൂനിറ്റുകൾ പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങളാകുന്നു . അത്യാഹിത വിഭാഗത്തിൽ രണ്ട് എക്സ്റേ യൂനിറ്റുകളാണ് ഉള്ളത്. തിരക്കുകുറക്കാനാണ് രണ്ട് യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നത്. കോവിഡ് വന്നതോടെ അത്യാഹിത വിഭാഗത്തിൽ തിരക്ക് കുറഞ്ഞപ്പോൾ ഒരു യൂനിറ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ആദ്യം പ്രവർത്തിച്ചിരുന്ന പ്രധാന യൂനിറ്റിലെ എക്സ്റേ യന്ത്രങ്ങൾ കേടായിട്ട് മാസങ്ങളായി. അതോടെ രണ്ടാമത്തെ യൂനിറ്റിലേക്ക് എക്സ്റേ മാറ്റി. മൂന്നു ദിവസത്തിലേറെയായി അതും പ്രവർത്തന രഹിതമാണ്. www.eveningkerala.com മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണെങ്കിൽ കോവിഡ് തുടങ്ങുന്നതിന് മുമ്പുള്ളതുപോലെ തിരക്ക് വർധിച്ചിരിക്കുകയാണ്. കൂടുതൽ പേർക്ക് എക്സ്റേയും മറ്റും ആവശ്യമായും വരുന്നുണ്ട്. ഈ സമയത്ത് എക്സ്റേ യന്ത്രങ്ങൾ പ്രവർത്തന രഹിതമായതോടെ രോഗികൾ എക്സ്റേ എടുക്കാനായി ആശുപത്രി മുഴുവൻ നടക്കേണ്ട അവസ്ഥയാണ്. ഒ.പിയിലും വാർഡിലും ഉള്ളവർക്ക് എക്സ്റേ എടുക്കുന്ന വിഭാഗത്തിൽ നിന്നാണ് അത്യാഹിത വിഭാഗം രോഗികൾക്കും ഇപ്പോൾ എക്സ്റേ എടുക്കുന്നത്. അതിനായി മെഡിക്കൽ കോളജ് ആശുപത്രി വലംവെക്കേണ്ട അവസ്ഥയാണ് ഉള്ളത്.