യുവതിയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

യുവതിയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

February 3, 2021 0 By Editor

പാലക്കാട്: തൃത്താല ആലൂരില്‍ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുര്‍ കയറ്റം ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍റെ മകളായ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പത് ​ മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീജ മക്കളുമായി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി മുതല്‍ ശ്രീജയെയും മക്കളെയും കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ വീട്ടുകാര്‍ രാത്രിയില്‍ തന്നെ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെയോടെ ഒരു കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൊര്‍ണൂരില്‍നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി കിണറ്റില്‍ തിരച്ചില്‍ നടത്തുകയും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി പുറത്തെടുക്കുകയുമായിരുന്നു.
മേഴത്തൂര്‍ സ്വദേശി രതീഷാണ് ശ്രീജയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാലുമാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട്​ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.