നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം

February 15, 2021 0 By Editor

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടും. പിരിച്ചുവിടാനുള്ള അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. വാഗമണ്‍ സ്വദേശി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ച്‌ അന്വേഷിച്ച റിട്ട. ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ കണ്ടെത്തലും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടും പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

രാജ്കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311(2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണെന്ന് കാണിച്ച്‌ കേസ് ഒത്തുതീര്‍പ്പ് ആക്കാനായിരുന്നു പോലീസിന്റെ ശ്രമം. കുറ്റം മറയ്ക്കാന്‍ വ്യാജ തെളിവുകളും പോലീസ് ഉണ്ടാക്കി. എന്നാല്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിലൂടെ സത്യം പുറത്തുവരികയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ അംഗീകരിച്ചതോടെ കുറ്റക്കാരായ പോലീസുകാരുടെ പിരിച്ചുവിടല്‍ ഉടന്‍ നടപ്പാക്കും.