അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യു പി പൊലീസ്. സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദീന്‍ വഴിയെന്നാണ് കണ്ടെത്തല്‍. മാസങ്ങള്‍ക്ക് മുമ്ബ് ഇവര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്നും ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കി.ഇവര്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യു പിയില്‍ ഉടനീളം ഇവര്‍ സ്‌ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ പതിനാറ് തരം സ്‌ഫോടക വസ്‌തുക്കളുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും പന്തളത്തേയും ലോക്കല്‍ സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് യു പിയില്‍ നടത്തിയ നിയമപരമായ ഇടപെടല്‍ കാരണമുളള പ്രതികാര ബുദ്ധിയാണ് അറസ്റ്റിന് കാരണമെന്നും സംഘടന അറിയിച്ചിരുന്നു.