മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിളള അന്തരിച്ചു

കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.9 മണി വരെ മൃതദേഹം കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷം വാളകെത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. കോണ്‍ഗ്രസിലൂടെയായിരുന്നു സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 1964-ല്‍ കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപകനേതാക്കളില്‍ ഒരാളായി. 1976-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളരുകയും 1977-ല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എല്‍.ഡി.എഫിനൊപ്പ(1977-1982)വും യു.ഡി.എഫിനൊ(1982-2015)പ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് ബി.

1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. ആര്‍ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story