ലോകകപ്പ് ആവേശത്തില്‍ മലപ്പുറം ബ്രസീല്‍ ആരാധകര്‍
മലപ്പുറം: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തിയതോടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തില്‍. ഇന്നലെ വൈകുന്നേരം മലപ്പുറത്ത് ബ്രസീല്‍ ഫാന്‍സ് കേരളയുടെ നേതൃത്വത്തില്‍ നൂറുക്കണക്കിനു പേര്‍ റോഡ് ഷോ നടത്തി. തിമര്‍ത്തു പെയ്യുന്ന മഴ വകവെക്കാതെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബ്രസീല്‍ ആരാധകര്‍ മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയില്‍ ഒത്തുകൂടി ബൈക്കില്‍ നഗരം ചുറ്റി.
ബ്രസീലിന്റെ മഞ്ഞയും നീലയും നിറമുള്ള ജഴ്‌സിയണിഞ്ഞു ബൈക്കുകളിലും കാറുകളിലുമായാണ് പ്രചാരണം നടത്തിയത്. കാറില്‍ ബ്രസീലിന്റെ നിറം പൂശിയതും കാണാമായിരുന്നു. ബ്രസീലിന്റെ പതാകയുമേന്തി ആര്‍പ്പുവിളിച്ചാണ് ആരാധകര്‍ വഴി നീളെ യാത്ര തുടര്‍ന്നത്. റഷ്യയില്‍ ഇക്കുറി നെയ്മറും സംഘവും വിജയം നേടുമെന്നു ഇവര്‍ പറഞ്ഞു. ലോകകപ്പ് പ്രമാണിച്ചു ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കൂടുതവും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കൊടിതോരണങ്ങളാണ് കാണുന്നത്. അതേസമയം ലോകകപ്പിനെ സ്വാഗതം ചെയ്തു മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറവും പ്രീതി സില്‍ക്‌സും ചേര്‍ന്നു ലോകകപ്പ് ചരിത്ര ക്വിസ് മത്സരവും ഇന്നലെ നടത്തി. നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.
ഒമ്പതു പേര്‍ യോഗ്യത നേടിയ ഫൈനല്‍ റൗണ്ടില്‍ കോഴിക്കോട് സ്വദേശി അനുരാജ് ഒന്നാം സ്ഥാനം നേടി. അന്‍വര്‍ കിഴിശേരി, ദീപക് കോഴിക്കോട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജവഹര്‍ അലി മലപ്പുറം ആയിരുന്നു ക്വിസ് മാസ്റ്റര്‍. പരിപാടിയുടെ ഉദ്ഘാടനം പ്രീതി സില്‍ക്‌സ് എം.ഡി സിറാജ് നിര്‍വഹിച്ചു. ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം ചെയര്‍മ്മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജാഫര്‍ ഖാന്‍, ഷിനാസ് പ്രീതി, ഷക്കീല്‍ പുതുശേരി, സമീര്‍ പണ്ടാറക്കല്‍, മുസ്തഫ പള്ളിത്തൊടി, ഷറഫു പാണക്കാട്, നിയാസ് കുട്ടശേരി, സൈഫു, നൗഷാദ് മന്നേങ്ങല്‍, സച്ചിന്‍ പണിക്കര്‍, നജ്മുദീന്‍ കല്ലാമൂല, സാഹിര്‍, മുജീബ് വാറങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.