റമ്മി " കളിക്കാൻ അനുവദിക്കണം’, ഇ–പാസിന് അപേക്ഷ; കയ്യോടെ പൊക്കാൻ കമ്മിഷണറുടെ നിർദേശം
കണ്ണൂർ: ഇത്രയും ബുദ്ധിമുട്ടലുകൾക്കിടയിലും പൊലീസിന്റെ ഇ പാസ് സംവിധാനത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്.അത്തരത്തിൽ പെരുമാറുന്നവരെ കുറച്ചു കടുപ്പത്തിൽ മറുപടി നൽകാനാണ് പൊലീസിന്റെ തീരുമാനം. ചിലർ അത് അർഹിക്കുന്നു എന്നതാണ് കാര്യം. കഴുത (റമ്മി )കളിക്കാനും പൊലീസിന്റെ ഇ പാസിന് അപേക്ഷ. തളിപ്പറമ്പിന് സമീപം പട്ടുവം സ്വദേശിയായ യുവാവാണ് അത്യാവശ്യമായി കഴുത കളിക്കാൻ(റമ്മി) പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ വെബ് സൈറ്റിലൂടെ ഇ പാസിന് അപേക്ഷ നൽകിയത്. പൊലീസ് ജില്ലാ കമ്മിഷണർ ഓഫിസിൽ കഴിഞ്ഞ ദിവസം അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് യുവാവ് നൽകിയ വിചിത്രമായ അപേക്ഷ ശ്രദ്ധയിൽപ്പെട്ടത്.
കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴുത കളിക്കാൻ പോകാൻ അനുമതി നൽകണമെന്നായിരുന്നു അപേക്ഷ. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാനുള്ള അപേക്ഷകൾ പരിശോധിച്ച് പാസ് അനുവദിക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള അപേക്ഷ കണ്ട് ഞെട്ടിയ പൊലീസുകാർ വിവരം പൊലീസ് കമ്മിഷണർക്ക് കൈമാറി. കക്ഷിയെ കയ്യോടെ പൊക്കാൻ കമ്മിഷണർ തളിപ്പറമ്പ് പൊലീസിന് നിർദേശവും നൽകി. വിവരം ലഭിച്ച് ഉടൻ തന്നെ കക്ഷി തളിപ്പറമ്പ് പൊലീസിന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. കഴുത കളിക്കാരന് കാര്യങ്ങൾ നല്ലതുപോലെ മനസിലാക്കി താക്കിതും ചെയ്താണ് ഒടുവിൽ വിട്ടയച്ചത്.
അത്യാവശ്യ സർവീസുകൾ മാത്രം തുറക്കാനുള്ള അനുമതിക്കിടയിൽ ജ്യോതിഷാലയം തുറന്ന ജോത്സ്യനും പൊലീസിന്റെ പിടിയിലായി. ആന്തൂർ നഗരസഭയിലെ ജ്യോത്സ്യനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ജ്യോതിഷാലയം അടപ്പിച്ച പൊലീസ് ജ്യോത്സനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.