മറഡോണയുടെ മരണം; ഡോക്ടര്‍മാര്‍ക്കെതിരേ ആസൂത്രിത കൊലക്കുറ്റത്തിന് കേസ്

മറഡോണയുടെ മരണം; ഡോക്ടര്‍മാര്‍ക്കെതിരേ ആസൂത്രിത കൊലക്കുറ്റത്തിന് കേസ്

May 21, 2021 0 By Editor

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആസൂത്രിത കൊലക്കുറ്റത്തിനു കേസ്. മറഡോണയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.മറഡോണയ്ക്ക് അന്ത്യ നിമിഷങ്ങളില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും മരണത്തിന് മുമ്പ് 12 മണിക്കൂറോളം താരം അതി തീവ്രമായ വേദന അനുഭവിച്ചുവെന്നും ആ സമയം ശരിയായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിഹാസ താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണ് ആസൂത്രലഗുരുതരമായ കൃത്യവിലോപത്തിനും അനാസ്ഥയ്ക്കും ചികിത്സാ പിഴവിനും കേസെടുത്തത്.കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്ക്, സൈക്യാട്രിസ്റ്റുമാരായ അഗുസ്റ്റിനോ കോസാചോവ്, കാര്‍ലോസ് ഡയസ് എന്നിവര്‍ക്കെതിരേയാണ് കേസ്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഇവര്‍ക്ക് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

മറഡോണയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കുടുംബാംഗങ്ങള്‍ രംഗത്തു വന്നതിനേത്തുടര്‍ന്നാണ് അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. സംഭവത്തില്‍ നാലു മാസത്തെ അന്വേഷണത്തിനു ശേഷം കഴിഞ്ഞ മാസമാണ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.