ആയിഷയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് ആക്ടിവിസ്റ്റ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ഭരണകൂടം ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണത്തിന് സമയം നല്‍കണം എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി, കേസ് റദ്ദാക്കണമെന്ന ആയിഷയുടെ ഹര്‍ജി തള്ളിയത്. ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സമയം നല്‍കണമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആയിഷ സുല്‍ത്താനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.എ. അക്ബര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി തള്ളുകയായിരുന്നു. ആയിഷയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല എന്ന കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ആയിഷ സുല്‍ത്താന കോടതിയിലെത്തിയത്.