മുട്ടില്‍ മരംമുറി അട്ടിമറിക്ക് കൂട്ടുനിന്നത് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം: പ്രതികളുമായി സംസാരിച്ചത് നൂറിലേറെ തവണ" മരംമുറി അട്ടിമറിക്ക് കൂടുതൽ തെളിവുകൾ പുറത്ത്‌

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും സംസാരിച്ചതിന്റെ ഫോണ്‍വിളി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോണ്‍വിളി രേഖകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തന്‍ എന്ന വ്യാജേനയാണ് ദീപക് ഇടപെടലുകള്‍ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ. ഗുരുതരമായ റിപ്പോര്‍ട്ട് മറച്ചുവച്ചുകൊണ്ടാണ് സാജന്‍ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തില്‍ മാത്രം ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനു പിന്നിലും 'ധര്‍മ്മടം' അട്ടിമറിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം സാജനെതിരെ നടപടിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. ഇതും ധര്‍മ്മടത്തുകാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

അഗസ്റ്റിന്‍ സഹോദരങ്ങള്‍ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് സാജനും കേസില്‍ ഇടപെട്ടത്. ഫെബ്രുവരി എട്ടിന് ഇരുവര്‍ക്കും എതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാജന്‍ ഇവര്‍ക്കായി രംഗത്തിറങ്ങുന്നത്. മുട്ടില്‍ മരമുറിയില്‍ കര്‍ശന നിലപാട് എടുത്തവരെ കേസില്‍ കുടുക്കി സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു തന്ത്രം. ആന്റോ സഹോദരങ്ങളും ദീപക് ധര്‍മ്മടവും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇത് സാജന്‍ നടപ്പാക്കുകയും ചെയ്തു. ചാനലില്‍ വാര്‍ത്ത കൊടുത്ത് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു തന്ത്രം.

മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയില്‍നിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് വനം ഉദ്യോഗസ്ഥര്‍ക്കെതിരെ 'തട്ടിക്കൂട്ട്' റിപ്പോര്‍ട്ട് നല്‍കിയ ഫെബ്രുവരി 15ന് എന്‍.ടി.സാജന്‍, 12 തവണയായി ഒരു മണിക്കൂറോളം ആന്റോ അഗസ്റ്റിനുമായി സംസാരിച്ചിരുന്നു. ഫോണ്‍ കോള്‍ റെക്കോര്‍ഡുകളില്‍ ഇത് വ്യക്തമാണ്. ദീപക്കിന്റെ ഫോണ്‍ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സാജനും ദീപക്കും ആന്റോ സഹോദരങ്ങളും തമ്മിലെ ബന്ധം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. മരംമുറി അട്ടിമറിയിൽ പ്രതിപക്ഷനേതാവ് ആരോപിച്ച ധർമ്മടം ബന്ധം സർക്കാറും സിപിഎമ്മും തള്ളുമ്പോഴാണ് ഫോൺരേഖ പുറത്താകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story