വ്യാജ ചെമ്പോലയില്‍ 24 ന്യൂസിന് പണി കിട്ടിയോ ? സഹിന്‍ ആന്റണിക്ക് സസ്പെന്‍ഷന്‍; പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കിയേക്കും !
മോന്‍സന്‍ മാവുങ്കലില്‍ കേസില്‍ ആരോപണം ഉയര്‍ന്ന കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ ട്വന്റിഫോര്‍ ന്യൂസ് സസ്പെന്‍ഡ് ചെയ്തു. ശബരിമല വ്യാജ ചെമ്പോല വിവാദം കത്തിയതോടെ ചാനലിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചാനലിന്റെ താല്‍കാലിക നടപടി. ചാനലിനെതിരെ ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന് പരാതി പ്രവാഹമായതോടെയാണ് നടപടിയെന്നാണ് സൂചന.
നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശബരിമല ഈഴവര്‍ക്കും, മലയരയര്‍ക്കും അവകാശപ്പെട്ടതെന്ന ചെമ്പോല തിട്ടൂരം ആണെന്ന തരത്തില്‍ വ്യാജരേഖ ഉയര്‍ത്തിക്കാടി ട്വന്റിഫോര്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. എം ആര്‍ രാഘവവാര്യര്‍ അടക്കം ഇക്കാര്യം ശരിവെക്കുകയും ചെയ്യുന്നതായും പിന്നീട് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വിവാദ പുരാവസ്തു വ്യവസായി മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റോടെയാണ് ചെമ്പോലയുടെ അധികാരികത വെളിവാകുന്നത്. വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണ് ചെമ്പോലയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസ് പുറത്തുവന്നതോടെ ട്വന്റിഫോര്‍ ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് തട്ടിപ്പുകാരന് പല ഉന്നതരെയും ബന്ധപ്പെടുത്തി നല്‍കിയതെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ 2018 മുതല്‍ സഹിന്‍ ആന്റണി മോന്‍സനുമായൊത്തുള്ള ചിത്രങ്ങളടക്കം പുറത്തു വന്നിട്ടും സഹിനെ ചാനലില്‍ നിന്നും പുറത്താക്കിയിരുന്നില്ല. ഇത് വലിയ ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിശദീകരണം ചോദിക്കാനിരിക്കെയാണ് ചാനലിന്റെ ധൃതി പിടിച്ച നടപടി. റിപ്പോര്‍ട്ടര്‍ നല്‍കിയ വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാനേജ്‌മെന്റ് മാറ്റി നിര്‍ത്തി എന്ന് ബോധിപ്പിക്കാന്‍ കൂടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ .
നേരത്തെ, മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ട്വന്റിഫോര്‍ ന്യൂസിലെ കോഴിക്കോട് റീജിയണല്‍ ചീഫ് ദീപക് ധര്‍മ്മടത്തിനെ ചാനലില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ദീപക്കിനേക്കാള്‍ സംരക്ഷണം സഹിന് ചാനല്‍ നല്‍കുകയും ചെയ്തു. അതേസമയം, വിവിധ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും ചാനല്‍ മാപ്പുപറയണമെന്നാവശ്യം ഉയര്‍ത്തുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. അതിനിടെ, കേരള പത്ര പ്രവര്‍ത്തക യുണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സഹിന്‍ ആന്റണി മോന്‍സന്‍ മാവുങ്കലിന്റെ സഹായം പറ്റിയതുമായി ബന്ധപ്പെട്ട് ചര്‍ച്ച യൂണിയന്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ യൂണിയന്‍ നടത്തിയ അന്വേഷണത്തില്‍ സഹിനെ പുറത്താക്കാന്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനും നിര്‍ദേശം നല്‍കിയെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു