മോൻസൺ കേസ് ; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍; മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്‌

മോൻസൺ കേസ് ; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍; മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്‌

November 10, 2021 0 By Editor

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണക്ക് സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച  പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്.

ഇതിനിടെ ഐജി ലക്ഷ്മണ, സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായി.