മോഫിയയുടെ ആത്മഹത്യ: കേസെടുക്കുന്നതിൽ സിഐയ്ക്ക് ​ഗുരുതര വീഴ്ച ; അന്വേഷണ റിപ്പോർട്ട് കൈമാറി

മോഫിയയുടെ ആത്മഹത്യ: കേസെടുക്കുന്നതിൽ സിഐയ്ക്ക് ​ഗുരുതര വീഴ്ച ; അന്വേഷണ റിപ്പോർട്ട് കൈമാറി

November 25, 2021 0 By Editor

ആലുവ: ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മോഫിയ പർവീൺ   ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ​സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.  ഒക്ടോബർ 29ന് പരാതി ഡി വൈ എസ് പി,  സി ഐ യ്ക്ക് കൈമാറിയിരുന്നു. എന്നാൽ സി ഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോ​ഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബർ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെൺകുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടർന്ന് 22നാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നത് എന്നും റിപ്പോർട്ട്‌ പറയുന്നു.

‌‌അതേസമയം സി ഐ , പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോർട്ട്‌ പറയുന്നു. സി ഐ യുടെ മുറിയിൽ വെച്ച് പെൺകുട്ടി ഭർത്താവിനെ അടിച്ചു. തുടർന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതിൽ സി ഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയി‍ട്ടുണ്ട്. ഡി.ഐ.ജി നേരിട്ടാണ് അന്വേഷണം നടത്തിയത്

മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ തുടർ നടപടികൾ ഉണ്ടാകുമോയെന്നതാണ് ഇനി അറിയേണ്ടത്.