ഒമിക്രോൺ ജാഗ്രത; സംസ്ഥാനത്ത് കൂടുതൽ പരിശോധനാഫലം ഇന്ന് കിട്ടും
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ (Omicron) വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് (Covid 19) ബാധിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെയടക്കമുള്ള സാമ്പിൾ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതിൽ 10 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാൾ ഒമിക്രോൺ പൊസിറ്റീവായപ്പോൾ രണ്ടാമത്തെയാൾക്ക് നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചതിൽ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.