സിനിമയെടുത്ത് കടക്കെണിയിലായി വീടൊഴിയേണ്ടിവന്ന നിർമാതാവിനു നേരെ ആക്രമണം നടത്തിയ രണ്ടുപേർ  കോഴിക്കോട്ട് പോലീസ്  പിടിയിൽ

സിനിമയെടുത്ത് കടക്കെണിയിലായി വീടൊഴിയേണ്ടിവന്ന നിർമാതാവിനു നേരെ ആക്രമണം നടത്തിയ രണ്ടുപേർ കോഴിക്കോട്ട് പോലീസ് പിടിയിൽ

February 27, 2022 0 By Editor

കോഴിക്കോട്∙ സിനിമയെടുത്ത് കടക്കെണിയിലായി വീടൊഴിയേണ്ടിവന്ന നിർമാതാവിനു നേരെ ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. നന്മണ്ട പന്ത്രണ്ടുമഠത്തിൽ വിൽസണു നേരെ വെടിയുതിർത്ത മുക്കം ചെറുവാടി ചൗത്തടിക മുനീർ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയിൽ ഷാഫി (32) എന്നിവരാണു കസ്റ്റഡിയിലായത്. മൂന്നം​ഗ സംഘമാണ് ഇന്നലെ രാത്രിയിൽ വിൽസണെ ആക്രമിച്ചത്. സംഘത്തിലെ ഒരാൾ ഓടി രക്ഷപെട്ടു. 2016ൽ പുറത്തിറങ്ങിയ ‘വൈഡൂര്യം’ എന്ന സിനിമയുടെ നിർമാതാവാണ് വിൽസൺ.

2010ൽ സിനിമ നിർമിക്കാൻ 2.65 കോടിയോളം രൂപ വിൽസണു ചെലവായിരുന്നു. പടം പൂർത്തിയായ ശേഷം റിലീസ് ചെയ്യാൻ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകിയിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വിൽസൺ കുരുക്കിലായി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തത്. ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നൽകിയെങ്കിലും നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. തുടർന്നു പ്രശ്നം കോടതിയിലെത്തുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

രണ്ടു ദിവസം മുൻപ് വിൽസണെതിരെ കോടതി വിധി വന്നു. പോവാൻ ഇടമില്ലാതായതോടെ വിൽസണും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും വീട്ടുപറമ്പിൽ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു. പകൽ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒൻപതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വിൽസണോട് ഇറങ്ങിപ്പോവാനാവശ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.