പട്ടാപകല്‍ ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവാവ് പിടിയില്‍

കൊല്ലം: ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന് സ്‌കൂട്ടറില്‍ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഹരികൃഷ്ണനെയാണ് (24) കൊട്ടാരക്കര പൊലീസ് ഇന്നലെ രാത്രി കൃഷ്ണപുരത്തെ ഭാര്യവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12 ഓടെ കൊട്ടാരക്കര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവില്‍ മോഷണത്തില്‍ കലാശിച്ചത്. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിന് താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങള്‍ എടുക്കാനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്.

മാന്യമായ വസ്ത്രധാരണവും ആകര്‍ഷകമായ പൊരുമാറ്റവും വാക്ചാതുരിയും കൊണ്ട് ജ്വല്ലറി ഉടമയുടെ ഭാര്യയെ കൈയിലെടുത്തു. വിവാഹത്തിന് സഹോദരിയും കുടംബവും ഇവിടെ നിന്ന് സ്വര്‍ണം എടുക്കുമെന്നുവരെ കട ഉടമയുടെ ഭാര്യയെ വിശ്വസിപ്പിച്ചു. ഇതിനിടെ കല്യാണ പെണ്ണിനോടെന്ന വ്യാജേന ആഭരണത്തിന്റ മോഡല്‍ സംബന്ധിച്ച് ഫോണിലൂടെ അഭിപ്രായം തേടുന്ന നാടകവും ഹരികൃഷ്ണന്‍ പുറത്തെടുത്തു.

ഹരികൃഷ്ണന് കുടിക്കാന്‍ വെള്ളം വേണമോയെന്ന് സ്ത്രീ അന്വേഷിച്ചു. ചൂട് ചായ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് യുവാവ് മറുപടി പറഞ്ഞു. കടയോട് ചേര്‍ന്ന് തന്നെയാണ് വീട്. മാത്രമല്ല കടയുടെ മുന്നില്‍ ഭര്‍ത്താവ് മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവ് പല വട്ടം ഫാേണുമായി കടയ്ക്കകത്ത് നിന്ന് ഇറങ്ങിയും കയറിയും നിന്നതിനാല്‍ ട്രേയില്‍ എടുത്തുവച്ച സ്വര്‍ണവുമായി ഇയാള്‍ പുറത്തിറങ്ങി സ്‌കൂട്ടറില്‍ പോയത് സ്ത്രീയുടെ ഭര്‍ത്താവ് ഗൗനിച്ചില്ല. അഞ്ച് മിനിറ്റിനകം സ്ത്രീ ചായയുമായി വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സുരക്ഷാകാമറയില്‍ നിന്ന് വാഹനത്തിന്റെ നമ്ബര്‍ മനസിലാക്കിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *