
പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബു അറസ്റ്റില്‍; ജാമ്യത്തില്‍ വിടും
June 27, 2022കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതെത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. വിജയ് ബാബുവിനെ ഇനി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകും.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇന്നു മുതൽ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും. വിജയ് ബാബുവുമായി പരാതിയിൽ പറയുന്ന ഹോട്ടൽമുറി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ദിവസങ്ങൾ നീണ്ട വാദങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ലൈംഗികപീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇരയ്ക്കൊപ്പമാണെന്നും അവരെയാണ് വിശ്വാസമെന്നും പ്രഖ്യാപിച്ച് സിനിമയിലെ വനിതകളുടെ സംഘടന ഉൾപ്പടെയുള്ളവർ രംഗത്തു വന്നിരുന്നു. യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നൽകിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.