പാമ്പാടിയിൽ വൈദികന്‍റെ വീട്ടിൽനിന്ന് 50 പവൻ കവർന്നത് സ്വന്തം മകൻ തന്നെ; മോഷണം കടബാധ്യത തീർക്കാനെന്ന് മൊഴി

കോട്ടയം: വൈദികന്റെ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന കേസിൽ വൻ വഴിത്തിരിവ്. മോഷണം നടത്തിയത് വീട്ടുടമയായ ഫാദർ ജേക്കബ് നൈനാന്റെ മകൻ ഷൈനോ നൈനാൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ഷൈനോയെ പൊലീസ് അറസ്റ്റ് ചെയ്തു. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിൽ ചൊവ്വാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം. 20 ലക്ഷത്തോളം രൂപ വിലവരു​ന്ന സ്വർണമാണ് കവർന്നത്. ഫാ. ജേക്കബ് നൈനാന്റെ കുടുംബത്തെ നന്നായി അറിയുന്ന ആരോ ആണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണ സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന് കണ്ടെത്തി.

ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോയി വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിൽ മുളക് പൊടി വിതറിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോൽ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയം ഉയർന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. തുടര്‍ന്ന് അന്വേഷണം ഷൈനോയിൽ കേന്ദ്രീകരിക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story