ബിജെപി എംഎല്‍എക്കെതിരായ ഉന്നാവോ ബലാത്സംഗക്കേസ് സിബിഐ അന്വേഷിക്കും

ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസും കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് പ്രധാന ആരോപണം. പോസ്‌കോ കുറ്റം ചുമത്തി ഇന്ന് പുലര്‍ച്ചയോടെയാണ് ഉന്നാവി മാഖി പോലീസ് സ്‌റ്റേഷനില്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഇതുപ്രകാരം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് സിബിഐക്ക് വിടാനും തീരുമാനമായി. ലക്‌നൗ പോലീസ് മേധാവിയുടെ വീടിന് മുന്നില്‍ സെന്‍ഗാറിനെ കണ്ടതിന്റെ തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സെന്‍ഗറിന്റെ അറസ്റ്റിന് സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് അര്‍ദ്ധരാത്രിയോട് കൂടി എംഎല്‍എ കുല്‍ദീപ് സിംഗ് പോലീസ് മേധാവിയുടെ വസതിയിലെത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഒളിവില്‍ പോയിട്ടില്ലെന്നും തെളിയിക്കാന്‍ വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നതെന്നും മാത്രമല്ല പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ ഇവിടെയെത്തുമെന്നും സെന്‍ഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഉന്നോവ് സ്വദേശിയായ 16കാരി ബലാത്സംഗതിന് ഇരയായി എന്ന് പറഞ്ഞ് സിംഗിനെതിരായ പരാതി ഉയരുന്നത്്. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ നിരന്തരം പാരാതിപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഞായറാഴ്ച പെണ്‍കുട്ടിയും വീട്ടുകാരും ലക്‌നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കൊണ്ടുപോയ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. പിതാവിനെ കൊന്നത് എംഎല്‍എയാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

അതേസമയം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മതിയായ വൈദ്യസഹായം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. മറ്റൊരു ഡോക്ടറെ അച്ചടക്കനടപടിക്കും വിധേയനാക്കി. ഇതിന് പുറമെ സഫിപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ബഹദൂര്‍ സിംഗിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ ഇര നിരന്തരം പരാതി നല്‍കിയിട്ടും അവഗണിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതും പിതാവിന്റെ കസ്റ്റഡി മരണവും ആദിത്യനാഥ് സര്‍ക്കാരിന് വലിയതോതിലുള്ള സമര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *