Begin typing your search above and press return to search.
കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യനിദ്ര
കണ്ണൂർ: സഖാവ് കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമ്മ. പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന നാളങ്ങൾ ഏറ്റുവാങ്ങി. നേതാക്കളും ആയിരക്കണക്കിനു സിപിഎം പ്രവർത്തകരുമുൾപ്പെടെയുള്ള ജനസമുദ്രത്തിൽനിന്ന് ഇരമ്പിയുയർന്ന അഭിവാദ്യ മുദ്രാവാക്യങ്ങൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു. ആയിരങ്ങളുടെ നെഞ്ചുനീറിയുയർന്ന, ഇടയ്ക്കിടെ ഇടറിപ്പോയ ലാൽസലാം വിളികൾക്കിടയിലൂടെ, ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്.
ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്.
അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും ആയിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു. കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വീട്ടില്‍നിന്നു പാര്‍ട്ടി ഓഫിസിലേക്കുള്ള അവസാനയാത്രയില്‍ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ ജനം വഴിയോരത്ത് തിക്കിത്തിരക്കി. കൈകുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളും വായോധികരുമടക്കം നൂറുകണക്കിന് പേർ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കി.
രാവിലെ, കോടിയേരിയിലെ വീട്ടിലേക്കും അണമുറിയാത്ത ജനപ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം മൂളിയിൽനടയിലെ വീട്ടിലെത്തിയിരുന്നു. തലശേരി ടൗൺ ഹാളിലെ പൊതുദർശനം കഴിഞ്ഞ് ഇന്നലെ രാത്രി 10നുശേഷമാണ് മൃതദേഹം കോടിയേരിയിലെ വസതിയിലെത്തിച്ചത്. അര്‍ബുദബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്.
Next Story