വീട് വളഞ്ഞ് എൻഐഎ സംഘം; പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ.റൗഫ് അറസ്റ്റിൽ

വീട് വളഞ്ഞ് എൻഐഎ സംഘം; പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ.റൗഫ് അറസ്റ്റിൽ

October 28, 2022 0 By Editor

പട്ടാമ്പി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ അറസ്റ്റു ചെയ്തു.  ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നതിനു പിന്നാലെ റൗഫ് ഒളിവിലായിരുന്നു. പട്ടാമ്പി കരിമ്പുള്ളിയിലെ വീടു വളഞ്ഞാണ് അർധരാത്രിയോടെ എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എൻഐഎ സംഘം റൗഫിനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലും തമിഴ്നാട്ടിലും ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകൾ നിരീക്ഷണത്തിലാക്കിയിരുന്നു.

നിരോധിത സംഘടനയായ പിഎഫ്ഐ നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് റൗഫാണെന്നാണ് വിലയിരുത്തൽ. ഒളിവിലും സംഘടനാപ്രവർത്തനങ്ങൾ നിയന്ത്രിച്ചുവന്നത് റൗഫാണെന്ന വിവരവും എൻഐഎ സംഘത്തിന് ലഭിച്ചിരുന്നു.

റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം രാത്രിയില്‍ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ കൊച്ചിയിലേക്ക് എത്തിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു എന്നാണ് സൂചന.

വിദേശ ഫണ്ട് വരവ്, പ്രവര്‍ത്തകര്‍ക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയതിനു പിന്നിലും റൗഫിന്റെ പ്രേരണയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പിഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്ക് എത്തിയിരുന്നില്ല.

രാജ്യസുരക്ഷ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതൽ നടത്തിയ മിന്നൽ പരിശോധനകൾക്കൊടുവിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.