കോഴിക്കോട്ട് വീട്ടമ്മ മരിച്ചത് കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടത്തിൻ്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുത്തിവയ്പ്പിൻ്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായെതെന്ന് പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. മരുന്ന് മാറി കുത്തിവച്ചെന്ന ബന്ധുക്കളുടെ ആരോപണം പ്രാഥമിക റിപ്പോര്‍ട്ടിൽ തള്ളിക്കളയുന്നുണ്ട്. കുത്തിവച്ച മരുന്നിൽ നിന്നുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങൾക്ക് തകരാര്‍ സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനം.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വീട്ടമ്മയുടെ ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് നേരത്തെ കേസ്സെടുത്തിരുന്നു. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മയായ കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കടുത്തപനിയെ തുടര്‍ന്നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് കുത്തിവെപ്പ് എടുത്തതോടെ ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാല്‍ രാവിലെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തതോടെ ആരോഗ്യ നില വഷളായി പെട്ടെന്ന് കുഴഞ്ഞു വീണെന്ന് ബന്ധുക്കള്‍ പറയുന്നു.

സിന്ധുവിന് മരുന്ന് മാറി നല്‍കിയെന്ന ആരോപണം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. രോഗിക്ക് നിര്‍ദ്ദേശിച്ചിരുന്ന പെന്‍സിലിന്‍ തന്നെയാണ്നല്‍കിയത്. സംഭവത്തിൽ മെഡിക്കല്‍ കോളേജ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story