വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ല: ആളുകള്‍ ഇപ്പേഴും മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

June 20, 2018 0 By Editor

റിയാദ്: സൗദി അറേബ്യയില്‍ വൈറസ് ഭീതി ഒഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. 23 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മെര്‍സ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേര്‍ മരിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള സൗദിയില്‍ നിന്നുള്ള വിവരങ്ങള്‍ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. തലസ്ഥാനമായ റിയാദിലും ജിദ്ദയിലും നജ്‌റാനിലും വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളെ ചികില്‍സിച്ച നഴ്‌സുമാര്‍ക്കും രോഗം ബാധിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലാണ് മെര്‍സ് കൊറോണ വൈറസ് കൂടുതല്‍ ഭീതി പരത്തിയത്. ജനുവരി 21നും മെയ് 31നുമിടയില്‍ 23 പേര്‍ സൗദിയില്‍ മാത്രം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചുവെന്നാണ് കണക്കുകള്‍. 2012ലാണ് കൊറോണ വൈറസ് ബാധയേറ്റവര്‍ മരിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മെയ് വരെയുള്ള കണക്കു പ്രകാരം ഈ വൈറസ് മൂലം ലോകത്ത് 2220 പേര്‍ മരിച്ചു. ഇതില്‍ 1844 പേര്‍ സൗദിയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ ജനുവരി മെയ് കാലയളവില്‍ മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവര്‍ 75 പേരാണ്. ഇതില്‍ 23 എണ്ണം സൗദിയിലാണ്.

സൗദി അറേബ്യയിലാണ് ഈ അസുഖം 2012ല്‍ കണ്ടെത്തിയിത്. സാധാരണ പനിയാണ് ലക്ഷണം കാണിക്കുന്നത്. നേരത്തെ ഒട്ടകങ്ങളില്‍ നേരത്തെ ഒട്ടകങ്ങളില്‍ കണ്ടിരുന്നു കൊറോണ വൈറസ്. 1983ലാണ് ഒട്ടകങ്ങളില്‍ വൈറസ് ബാധ കണ്ടത്. എന്നാല്‍ മനുഷ്യര്‍ക്ക് ഭീതിയുണ്ടായിരുന്നില്ല. 2012ലാണ് മനുഷ്യനിലും ഈ വൈറസ് കണ്ടത്. രോഗം സ്ഥിരീകരിക്കാന്‍ ഏറെ പ്രയാസമാണിത്. പ്രമേഹം, വൃക്ക സംബന്ധിയായ അസുഖം, ശ്വാസ കോശ അസുഖം എന്നിവയുള്ളവരില്‍ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഒട്ടകങ്ങളുമായി അടുത്ത് ഇടപഴകിയവരിലാണ് രോഗം ആദ്യം കണ്ടത്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളില്‍ നിന്ന് തന്നെയാണ് വൈറസ് പകര്‍ന്നതെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു. കന്നുകാലികളുമായി ബന്ധപെട്ട് ജീവിക്കുന്നവര്‍ കൈകകാലുകള്‍ എപ്പോഴും വൃത്തിയായി കഴുകണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഒമാനിലും യുഎഇയിലും മലേഷ്യയിലും കൊറോണ വൈറസ് ബാധ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സൗദിയില്‍ നിന്നാണ് പകര്‍ന്നതെന്ന് കരുതുന്നു. സൗദിയില്‍ തീര്‍ഥാടനത്തിന് വന്നപ്പോള്‍ ഒട്ടക പാല്‍ കുടിച്ച മലേഷ്യക്കാരനാണ് രോഗം ബാധിച്ചതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.