
ജല സുരക്ഷാ പദ്ധതികള്‍ക്ക് പിന്തുണയേകി പെപ്‌സിക്കോയുടെ ധനസഹായം
June 20, 2018കൊച്ചി: പെപ്‌സിക്കോ പ്ലാന്റുകള്‍ക്കു സമീപമുള്ള സമൂഹങ്ങളിലെ രണ്ടു ലക്ഷത്തോളം പേര്‍ക്കു നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ജല ലഭ്യതാ പദ്ധതികള്‍ വിപുലമാക്കുമെന്ന് പെപ്‌സികോ പ്രഖ്യാപിച്ചു. കേരളം, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലുള്ള സമൂഹങ്ങള്‍ക്ക് 2020 ഡിസംബറോടെ സുരക്ഷിത ജലം ലഭ്യമാക്കാനായി പെപ്‌സികോ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വാട്ടര്‍ എയ്ഡിന് 4.26 ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് നല്‍കും.
ശുദ്ധ ജലവും സാനിറ്റേഷനും ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ഐക്യ രാഷ്ട്രസഭയുടെ സ്ഥായിയായ വികസനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ആറാമത്തെ ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ് ഈ നടപടി . ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുന്ന രീതിയിലുള്ള പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനായിരിക്കും അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വാട്ടര്‍ എയ്ഡ് പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ ശുദ്ധജല ലഭ്യതയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ജല സ്രോതസ്സുകള്‍ കൈകാര്യം ചെയ്യാനുള്ള സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
ജലത്തിന്റെ ഗുണമേന്മ തുടര്‍ച്ചായി പരിശോധിക്കുക, ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുക, മികച്ച സാനിറ്റേഷന്‍, ശുചിത്വ ശീലങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം നടത്തുക എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ജല സുരക്ഷ ഉറപ്പാക്കുക മാത്രമായിരിക്കില്ല ഈ നീക്കങ്ങളിലൂടെ സാധ്യമാകുക, മഴക്കൊയ്ത്ത് അടക്കം ജല സംരക്ഷണത്തിനും റീചാര്‍ജ് നടപടികള്‍ പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായകമാകും.