
അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെയായി; നടനെ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വാസവന്‍
December 12, 2022തിരുവനന്തപുരം: നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.
‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന്‍ പറഞ്ഞു.