
സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കി ട്വന്‍റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ 2018
June 20, 2018കൊച്ചി: കുടുംബങ്ങളിലെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ട്വന്‍റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ 2018 തീരുമാനിച്ചു. 4500 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികളില്‍ പശു, മുയല്‍, പോത്ത്, നാടന്‍ കോഴി, ഉള്‍നാടന്‍ മത്സ്യം വളര്‍ത്തല്‍, പച്ചക്കറികൃഷി, മുല്ല വളര്‍ത്തല്‍ എന്നിവയുണ്ട്. അതോടൊപ്പം വീട്ടുടമകള്‍ തയ്യാറാണെങ്കില്‍ 20 സെന്‍റ് വീതം സ്ഥലത്ത് മാംഗോസ്റ്റിന്‍, റംബൂട്ടാന്‍, പപ്പായ, മാവ്, പ്ലാവ് തുടങ്ങിയവ വെച്ചുപിടിപ്പിക്കാനും തീരുമാനമായി.
പദ്ദതികളും അവയുടെ സാധ്യതകളും രേഖപ്പെടുത്തിയ കൈപ്പുസ്തകം എല്ലാ വീടുകളിലും എത്തിച്ച് കുടുംബത്തിന്‍റെ തത്പര്യം മനസ്സിലാക്കി പദ്ധതികള്‍ നടപ്പാക്കാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. കിഴക്കമ്പലത്തെ ജനങ്ങളുടെ സേവനങ്ങള്‍ക്ക് വേണ്ടി നാല് കുടുംബങ്ങള്‍ക്ക് ഒരു എക്സ്സിക്യൂട്ടീവ് എന്ന രീതിയിലാണ് ട്വന്‍റി20 പ്രവര്‍ത്തിയ്ക്കുന്നത്. സ്വയം തൊഴില്‍ പദ്ധതിയിലൂടെ കിഴക്കമ്പലത്ത് 8000 മുതല്‍ 12000 രൂപ വരെ മാസവരുമാനവും 61.44 കോടി രൂപയുടെ വാര്‍ഷിക വരുമാനവും നേടാന്‍ സാധിക്കും എന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.
വിവിധ വാര്‍ഡുകളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടി നടത്തി. കിഴക്കമ്പലത്തെ ലഹരി വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് മുഴുവന്‍ സഹായങ്ങളും നല്കുമെന്ന് മാമല എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ സുജിത്ത് പി.എസ് അറിയിച്ചു.
കിഴക്കമ്പലം പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ 34 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണപ്പതക്കം നല്കി ആദരിച്ചു. അതോടൊപ്പം പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് വീട് വക്കുന്നതിന് 2.5 സെന്‍റ് സ്ഥലം വീതം നല്കിയ വാഴക്കാല സ്വദേശി ബാവ ഹമീദിനെ ആദരിച്ചു. ഭൂമിയുടെ രേഖകള്‍ ഓരോ കുടുംബത്തിനും അദ്ദേഹം തന്നെ കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ജേക്കബ് യോഗത്തില്‍ അധ്യക്ഷനായി. പഞ്ചായത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന റോഡ് വികസനം, വീടുകളുടെ നിര്‍മ്മാണം, നെല്‍ കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനം എന്നിവയുടെ പുരോഗതി വിശദീകരിച്ചു.
ട്വന്‍റി20 ചെയര്‍മാന്‍ ബോബി എം. ജേക്കബ്, മറ്റു ഭാരവാഹികളായ സി.പി. ഫിലിപ്പോസ്, അഗസ്റ്റിന്‍ ആന്‍റണി, ഉലഹന്നാന്‍ പി.ഇ, വി.എസ് കുഞ്ഞുമുഹമ്മദ്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.