'ഗുരുതര രോഗി' ചാനലിന് ഇന്റര്‍വ്യൂ നല്‍കുന്നു; കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിചാരണ നീട്ടാന്‍ ശ്രമം; ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; വിധി നാളെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം മാറ്റണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി നാളെ വിധി പുറപ്പെടുവിക്കും. വൃക്കരോഗ ബാധിതനായതിനാല്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുകയോ, അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.
ബാലചന്ദ്രകുമാര്‍ കടുത്ത വൃക്കരോഗബാധിതനാണ്. രണ്ടു ദിവസത്തിലൊരിക്കല്‍ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ കുറച്ചുനാളത്തേക്ക് നീട്ടിവെക്കണമെന്ന് ബാലചന്ദ്രകുമാര്‍ പ്രോസിക്യൂഷന്‍ മുഖേന ആവശ്യപ്പെട്ടു. മാത്രമല്ല, വിസ്താരത്തിനായി യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബാലചന്ദ്രകുമാറിന്റെ ആവശ്യം ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കിയിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
കോടതിക്ക് മുന്നിലെത്താന്‍ ബാലചന്ദ്രകുമാറിന് നിര്‍ദേശം നല്‍കണം. ഗുരുതരരോഗിയെന്ന് പറയുന്ന ആള്‍ ചാനലുകള്‍ക്ക് മുന്നില്‍ ഇന്റര്‍വ്യൂ നല്‍കി വരുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.