ഉമ്മൻചാണ്ടി വധശ്രമക്കേസിൽ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം കുറ്റക്കാർ
കണ്ണൂർ: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം…
കണ്ണൂർ: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം…
കണ്ണൂർ: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഒന്നാം പ്രതി മുൻ എം.എൽ.എ സി. കൃഷ്ണൻ അടക്കം പ്രമുഖ സി.പിഎം പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2013 ഒക്ടോബർ 27നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി. കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.