ഭീകരവാദത്തിന് സഹായകരം: 14 മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു
ജമ്മു കശ്മീരിലെ ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ രാജ്യത്ത് കേന്ദ്രസർക്കാർ നിരോധിച്ചു. പാക്കിസ്ഥാനിൽനിന്നു സന്ദേശങ്ങൾ സ്വീകരിക്കുന്നതും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികളും പ്രതിരോധ സുരക്ഷാ ഏജൻസികളും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.
കശ്മീരിലെ ഭീകരവാദികൾ, അവരെ പിന്തുണയ്ക്കുന്നവരുമായും മറ്റു ഭീകരവാദികളുമായും ആശയവിനിമയം നടത്തുന്നതിന് ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രതിനിധികളില്ല. അതിനാൽ തന്നെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നതും നിരോധനത്തിന് കാരണമായിട്ടുണ്ട്. പല ഘട്ടങ്ങളിലും സർക്കാർ ആപ്പുകളുടെ മാനേജ്മെന്‍റുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചെങ്കിലും ഇവർക്ക് ഇന്ത്യയിൽ ഓഫിസില്ലാത്തത് പ്രതിസന്ധിയായി.
ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌വിസ്, വിക്കർ മീ, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്.
ഈ ആപ്പുകളിൽ ഭൂരിഭാഗവും ഉപയോക്താക്കൾക്ക് തങ്ങളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന രീതിയിൽ നിർമിച്ചിരിക്കുന്നവയാണ്. വിവിധ ഏജൻസികൾ മുഖേന, ഈ മൊബൈൽ ആപ്പുകൾ ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന സംഘടനകൾക്കും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സഹായകരമാകുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു.
ഈ ആപ്പുകൾ ജമ്മു കശ്മീരിലെ യുവാക്കളുടെ ഇടയിൽ ഭീകരവാദം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ഭീകരവാദികളുടെ ആശയവിനിമയ ഉപാധികൾ തകർക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ ശ്രമിക്കുകയാണ്. നിരോധിക്കപ്പെട്ട ആപ്പുകൾക്ക് വ്യത്യസ്‌ത രാജ്യങ്ങളിൽ സെർവറുകളുണ്ട്. ഇവയുടെ ഉറവിടം കണ്ടെത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കനത്ത എൻക്രിപ്ഷൻ കാരണം ഇവയിൽ നിന്നും ഡേറ്റ ശേഖരിക്കുന്നതിനും സാധിക്കുന്നില്ലെന്നതും നിരോധനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
വിവിധ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ ഈ ആപ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവർ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടത്.