അരിക്കൊമ്പൻ പോയിട്ടും കാട്ടാന ആക്രമണത്തിന് അറുതിയില്ല ; ചിന്നക്കനാലിൽ വീട് തകർത്തു
അടിമാലി: അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചയാണ് സംഭവം.…
അടിമാലി: അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചയാണ് സംഭവം.…
അടിമാലി: അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചയാണ് സംഭവം.
ഈസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ചക്കക്കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിലായിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാനയാവാനാണ് സാധ്യത എന്നാണ് നാട്ടുകാരുടെ അനുമാനം. അരിക്കൊമ്പൻ ഇല്ലാത്ത നാട്ടിൽ കാട്ടാന ആക്രമണം തുടരുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. ഒരാഴ്ചക്കിടെ രണ്ടാമത്തെ വീടാണ് കാട്ടാന തകർത്തത്.
ജനവാസ മേഖലകളിൽ വൈദ്യുതിവേലികളും കിടങ്ങുകളും സ്ഥാപിച്ച് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസ മേഖലക്ക് സമീപം എത്തിയതെന്നാണ് സൂചന.
സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്ത നിലയിൽ
അരിക്കൊമ്പൻ ഇല്ലെങ്കിലും പ്രദേശത്ത് തുടരുന്ന ചക്കക്കൊമ്പൻ, പടയപ്പ, മൊട്ടവാലൻ എന്നീ ആനകളും പ്രശ്നക്കാരാണെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി സ്ഥലം മാറ്റിയതോടെ കാട്ടാന ഭീതി ഒഴിഞ്ഞെന്ന് ആശ്വസിച്ചിരുന്ന ചിന്നക്കനാൽ, ശാന്തൻപാറ മേഖയിലുള്ളവർ ഓരോ ദിവസവും മറ്റ് കാട്ടാനകളുടെ ആക്രമണംമൂലം വീണ്ടും ആശങ്കയിലാണ്.
കൊച്ചി-ധനുഷ്കോടി ദേശീപാതയിലെ നേര്യമംഗലം വനമേഖലയിൽ അഞ്ചാംമൈലിന് സമീപം കഴിഞ്ഞ ദിവസം പകൽ അടിമാലിയിൽനിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അടിമാലി പൊന്നുരുത്തിയിൽ ജിൻസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പീരുമേട്ടിൽ ജനവാസമേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതും കഴിഞ്ഞദിവസമാണ്. അഴുത എൽ.പി സ്കൂൾ പരിസരത്ത് എത്തിയ കാട്ടാനകൾ വാഴ, ഏലം, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. മൂന്നാർ കണ്ണൻദേവൻ കമ്പനി കല്ലാർ ഫാക്ടറി ഡിവിഷന് സമീപം തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് സമീപം കല്ലാർ-മൂന്നാർ റോഡിൽ കഴിഞ്ഞദിവസം രണ്ട് കടുവകളിറങ്ങിയതും പ്രദേശത്ത് പരിഭ്രാന്തി പരത്തി.
വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികളും മറ്റും നടക്കുന്നുണ്ടെങ്കിലും താൽക്കാലിക നടപടികൾ ഫലം ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.അരിക്കൊമ്പനെ പിടിച്ചുമാറ്റിയതിന് ശേഷവും മിക്ക ദിവസങ്ങളിലും ഏതെങ്കിലും ജനവാസമേഖലിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.