
മോദി വല്ലപ്പോഴെങ്കിലും വായ തുറന്ന് സംസാരിക്കണം: പ്രധാനമന്ത്രിയെ പരിഹസിച്ച് മന്‍മോഹന്‍ സിംങ്
April 18, 2018ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞതില്‍ സന്തോഷമുണ്ട്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്ന് മോദി അന്ന് മാധ്യമങ്ങളോട് പറഞ്ഞതായി കണ്ടിരുന്നു. പ്രധാനമന്ത്രി എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് തന്ന ഉപദേശം അദ്ദേഹം മറക്കരുത്. അത് അദ്ദേഹവും പാലിച്ചാല്‍ നന്നായിരിക്കും. മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയങ്ങള്‍ ഒരു രാജ്യമെന്ന രീതിയിലും സമൂഹമെന്ന രീതിയിലും നമുക്ക് അത്യധികം അപമാനകരമാണ്. നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകുന്നത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാവും. എന്തു ചെയ്താലും ഒരു പ്രശ്‌നവുമില്ലെന്ന് അവര്‍ കരുതും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച് അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഉന്നാവോ, കത്വ പീഡനക്കേസുകളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുമെന്നുമായിരുന്നു നാടിനെ നടുക്കിയ ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോദി കത്വ, ഉന്നാവോ വിഷയങ്ങളില്‍ അപലപിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.