അയ്യപ്പഭക്തരെ അവഹേളിക്കുക ലക്ഷ്യമെന്ന് എഫ്ഐആർ; നാരായണന്‍ നമ്പൂതിരിക്കായി തിരച്ചില്‍

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂർ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തിന്‍മേല്‍ ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പത്തനംതിട്ട മൂഴിയാര്‍ പൊലീസ് കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അയ്യപ്പഭക്തരെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂജ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൂജയെന്നും എഫ്ഐആറിലുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പൂജ നടത്താന്‍ സഹായിച്ച വനം വകുപ്പ് ജീവനക്കാരായ രാജന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കഴിഞ്ഞ ദിവസം പച്ചക്കാനം പെരിയാര്‍ കടുവ സങ്കേതത്തിലെ വനപാലകര്‍ പിടികൂടിയിരുന്നു. മേയ് 8നാണ് തൃശൂർ സ്വദേശി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം വനത്തിലൂടെ കടന്ന് പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ കറുപ്പയ്യയ്ക്കും സാബു മാത്യുവിനും നാരായണന്‍ നമ്പൂതിരി 3000 രൂപ നല്‍കിയെന്നും ആരോപണമുണ്ട്.

അതേസമയം, നാരായണന്‍ നമ്പൂതിരിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. നാരായണന്‍ നമ്പൂതിരി അടക്കം 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നാരായണന്‍ നമ്പൂതിരി ഒഴികെ മറ്റുള്ളവർ തമിഴ്നാട് സ്വദേശികളാണ്. വനത്തിൽ പ്രവേശിച്ച വിവരം ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story