എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് ഇനി പുതിയ ജഡ്ജി പരിഗണിക്കും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ എഐഡിഎംകെ എം എല്‍ എമാരുടെ ആവശ്യത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി. കേസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി. കേസ് മദ്രാസ് ഹൈകോടതിയില്‍ തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പുതിയൊരു ജഡ്ജിയെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് എം.സത്യനാരായണ കേസിന്റെ മേല്‍നോട്ടം വഹിക്കും. നേരത്തെ ജസ്റ്റിസ് വിമലയായിരുന്നു കേസില്‍ വാദം കേട്ടിരുന്നത്.

തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷത്തേക്ക് കൂറ് മാറിയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 18 എ.ഐ.എ.ഡി.എം.കെ എം.എല്‍ എമാരാണ് കേസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മാറ്റണെമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ മദ്രാസ് ഹൈക്കോടതി വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് കേസ് മൂന്നാമതൊരു ജഡ്ജി കൂടി കേട്ട് വിധി പറയുന്നതിനായി മാറ്റി. ഭിന്നവിധിയെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എം.എല്‍.എമാരുടെ അയോഗ്യത ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരി വെച്ചപ്പോള്‍ അയോഗ്യത റദ്ദാക്കാനായിരുന്നു ജസ്റ്റിസ് സുന്ദറിന്റെ ഉത്തരവ്. അതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്ന് അംഗ ബെഞ്ചിലേക്ക് മാറ്റി. തീരുമാനമാകുംവരെ വിശ്വാസ വോട്ടെടുപ്പും ഉപതിരഞ്ഞെടുപ്പും പാടില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 24ന് വാദം പൂര്‍ത്തിയായ കേസിലാണ് മാസങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. വ്യത്യസ്ത വിധിയെ തുടര്‍ന്ന് അടുത്ത ബെഞ്ചിലേക്ക് മാറ്റിയതിനാല്‍ കേസ് ഇനിയും നീണ്ട് പോകും. സഭയില്‍ ന്യൂനപക്ഷമായ എടപ്പാടി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് വിധി.

234 അംഗ നിയമസഭയില്‍ 114 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് ഉള്ളത്. അതില്‍ തന്നെ മൂന്ന് പേര്‍ ഇടഞ്ഞ് നിക്കുന്ന സാഹചര്യത്തില്‍ ഈ 18 എം.എല്‍.എമാര്‍ നിയസഭയില്‍ എത്തുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനേത്തന്നെ ബാധിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 ന് ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ പി. ധനപാലന്‍ അയോഗ്യരാക്കിയതിനെതിരെ ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇതിനെതിരെ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി.

ദിനകരപക്ഷത്തെ 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുങ്ങി. ഇതോടെ ഭരണം നിലനിര്‍ത്താന്‍ വേണ്ട സംഖ്യ 108 ആയി കുറഞ്ഞു. അങ്ങനെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സഭയില്‍ വിശ്വാസവോട്ട് നേടാന്‍ കഴിഞ്ഞത്. നിലവില്‍ ഇ.പി.എസ്, ഒ.പി.എസ് പക്ഷത്തുള്ളത് 111 എം.എല്‍.എമാരാണ്.

18 എം.എല്‍.എമാര്‍ക്കുള്ള അയോഗ്യത റദ്ദാക്കിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാവും. ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ നിന്ന് ദിനകരന്‍ ജയിച്ചതോടെ തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മൂന്ന് എ.ഐഡി.എം.കെ എം.എല്‍.എമാര്‍ ഇപ്പോള്‍ പരസ്യമായി ദിനകര പക്ഷത്താണ്. 18 എം.എല്‍.എമാര്‍ കൂടി ചേരുമ്പോള്‍ ദിനകര പക്ഷത്ത് 22 എം.എല്‍.എമാരാകും. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ഇപ്പോള്‍ സര്‍ക്കാരിനൊപ്പമല്ല ഉള്ളത്.

പ്രതിപക്ഷത്തിന്റെ 98 പേര്‍ക്കൊപ്പം ദിനകരപക്ഷം കൂടി ചേര്‍ന്നാല്‍ നിയമസഭയില്‍ ഭരണപക്ഷം ന്യൂനപക്ഷമാകും. മറിച്ച് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി കോടതി അംഗീകരിച്ചാല്‍ 18 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഏതായാലും കോടതിവിധിയോടെ തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി ഉടലെടുക്കും എന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *