സുന്ദരിയാകാന്‍ വാസ്‌ലിന്‍

പല പേരുകളില്‍ പല നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ എത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളോട് പ്രിയമുള്ളവരാണ് നമ്മളിലേറെയും. മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുത്തന്‍ബ്രാന്‍ഡുകളെ സ്വീകരിക്കാന്‍ മടിക്കാറുമില്ല. എന്നാല്‍ ഇവയോടുള്ള ആവേശത്തില്‍ പലരും പരിഗണിക്കാന്‍ മടിക്കുന്ന ചെലവുകുറഞ്ഞ ഒരു ജെല്ലിയാണ് വാസ്‌ലിന്‍.

മെയ്ക്ക്അപ് കിറ്റില്‍ പ്രഥമപരിഗണന ലഭിക്കാതെ പോയ വാസ്‌ലിന് മേന്മകളേറെയുണ്ട് എന്നതാണ് വാസ്തവം. മിക്ക വീടുകളിലും പൊതുവായി കാണാനാകുന്ന ജെല്‍ ക്രീമാണ് ഇതെങ്കിലും ഇതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അറിയുന്നവര്‍ വിരളമാണെന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തിന് ദിവസവും ഉപയോഗിക്കാവുന്നതാണ് വാസ്‌ലിന്‍ എന്ന പെട്രോളിയം ജെല്ലി. വാസ്‌ലിന്റെ എണ്ണമറ്റ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

മസ്‌കാരയ്ക്ക് പകരക്കാരന്‍
മസ്‌കാര ഉപയോഗിക്കാന്‍ വലിയ താത്പര്യം ഇല്ലാത്തവരുണ്ടാകാം. എന്നാല്‍ കണ്‍പീലിയുടെ ഭംഗി നഷ്ടപ്പെടാനും പാടില്ല എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വാസ്‌ലിന്‍ ഉപയോഗിച്ചു നോക്കാം. നല്ല തിളങ്ങുന്ന വളഞ്ഞുപുളഞ്ഞ കണ്‍പീലിയ്ക്കായി ഒരല്പം വാസ്‌ലിന്‍ എടുത്ത് പീലികള്‍ക്ക് മേല്‍ പുരട്ടിയാല്‍ മതി.

മസ്‌കാരയുടെ ബ്രഷില്‍ നിന്ന് മസ്‌കാര നീക്കം ചെയ്ത് അതില്‍ അല്പം വാസ്‌ലിന്‍ പുരട്ടി കണ്‍പീലികളില്‍ പുരട്ടിനോക്കൂ മാറ്റം തിരിച്ചറിയാം. കണ്‍പീലിക്ക് ഭംഗി നല്‍കുന്നതിനൊപ്പം പീലി വളരാനും വാസ്‌ലിന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

പ്രകൃതിദത്തമായ തിളക്കം നേടാന്‍
മറ്റ് ബോഡി ക്രീമുകള്‍ക്കോ ലോഷനുകള്‍ക്കോയൊന്നും കാണാത്ത ഒരു പ്രത്യേകത പെട്രോളിയം ജെല്ലിക്കുണ്ട്. അത് നമ്മള്‍ തേച്ചുപിടിപ്പിക്കുന്നിടത്ത് നല്ല തിളക്കം അനുഭവപ്പെടും. ഈ തിളക്കം ഏറെ നേരെ നിലനില്‍ക്കുകയും ചെയ്യും.

കവിളെല്ലുകള്‍ക്ക് മുകളിലായും പുരികത്തിന് താഴെയായും മൂക്കിന്റെ അഗ്രത്തോട് ചേര്‍ന്നുമെല്ലാം നേരിയ രീതിയില്‍ ഈ ജെല്ലികൊണ്ട് മിനുക്കിയെടുക്കാം. പിന്നെ നിങ്ങളുടെ ഒരു ചിരി കൂടി മതി മുഖം ഓജസ്സുള്ളതാവാനും ആകര്‍ഷകമാകാനും.

പാടുകളെ തുരത്തിയോടിക്കാന്‍
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ മനസ്സുള്ളവരുണ്ട് നമുക്കിടയില്‍. അപ്പോള്‍ പിന്നെ ഇടക്കിടെ കുഞ്ഞുകുഞ്ഞു മുറിപ്പാടുകളും പൊള്ളലുകളുമെല്ലാം സ്വാഭാവികമായും ഉണ്ടായെന്നും വരാം.

മുടി വളഞ്ഞുപുളഞ്ഞുനില്‍ക്കാന്‍ ഉപയോഗിക്കുന്ന കേര്‍ളിങ് ഐറണ്‍, ഇലക്ട്രിക് സ്‌ട്രെയിറ്റ്‌നര്‍ അങ്ങനെ പലതില്‍ നിന്നും പൊള്ളലുകളുണ്ടാകാം. ഈ പൊള്ളലുകളുടെ പാടുകളാകും പിന്നീടൊരു സമയത്ത് നിങ്ങളുടെ സൗന്ദര്യം മങ്ങാന്‍ കാരണമാകുക. വാസ്‌ലിന്‍ പെട്രോളിയം ജെല്ലി കുറഞ്ഞതോതില്‍ ഇതിനുമുകളിലായി പുരട്ടി ശരീരത്തിലെ ഇത്തരം പാടുകളെ മായ്ക്കാനാകും.

തുടക്കത്തില്‍ പറഞ്ഞ പോലെ കാഴ്ചയ്ക്ക് ആകര്‍ഷകമായ ക്രീമുകള്‍ക്ക് പിന്നാലെ പോകുന്ന തിരക്കില്‍ സ്‌റ്റോറുകളുടെ ഏതെങ്കിലും ഒരു അരികിലായി മറ്റ് ക്രീമുകളില്‍ നിന്ന് അല്പം മാറ്റിനിര്‍ത്തപ്പെടുന്ന വാസ്‌ലിനെ ചില്ലറക്കാരനായി കാണരുത്. ഒരു പക്ഷെ നിങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച ക്രീമുകള്‍ക്കൊന്നും ചെയ്യാനാകാത്ത മാജിക്ക് നിങ്ങളുടെ മുഖത്ത് ചെയ്യാന്‍ ഈ നിസ്സാരനെന്ന് കരുതുന്ന പെട്രോളിയം ജെല്ലിയ്ക്ക് ആയേക്കും. കാരണം ഇതാണ്; വരണ്ട കാലാവസ്ഥയില്‍ എത്ര ബോഡി ലോഷനും ക്രീമും പുരട്ടിയാലും അല്പം കഴിഞ്ഞ് അതിന്റെ ഗുണങ്ങളെല്ലാം നഷ്ടപ്പെട്ട് വീണ്ടും വീണ്ടും ക്രീമുകള്‍ പുരട്ടേണ്ട അവസ്ഥ വരാറുണ്ട്.

എന്നാല്‍ പെട്രോളിയം ജെല്ലി അധികം ആവര്‍ത്തി പുരട്ടേണ്ടതില്ല. ഈര്‍പ്പമില്ലാത്ത ചര്‍മ്മമുള്ളവര്‍ക്ക് മികച്ചൊരു സഹായിയാണ് വാസ്‌ലിന്‍. മാത്രമല്ല, ചില ക്രീമുകള്‍ പുരട്ടുന്നതോടെ ചര്‍മ്മത്തിന്റെ സുഷിരം അടഞ്ഞുപോകാനിടയാകുകയും പിന്നീട് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ വാസ്‌ലിന്‍ നോണ്‍കോമഡോജെനിക് (ചര്‍മ്മസുഷിരം അടക്കാത്ത, മുഖക്കുരു വരുത്താത്ത തരം) വിഭാഗത്തില്‍ പെടുന്നതാണ്.

ലിപ് ബാം

ചുണ്ടിന് സ്വാഭാവിക ഈര്‍പ്പം ലഭിക്കാത്ത സാഹചര്യത്തില്‍ ഉപയോഗിക്കുന്നതാണ് ലിപ് ബാമുകള്‍. ചുണ്ടിന് തിളക്കവും ഈര്‍പ്പവും നല്‍കി വരണ്ട ചുണ്ടുകളുണ്ടാകാതെ സംരക്ഷിക്കുന്നു. വാസ്‌ലിന്‍ ഇത്തരത്തില്‍ മികച്ചൊരു ലിപ് ബാം ആണ്. ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ ഇത്തരം ലിപ്ബാമുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ഇനി ലിപ് സ്റ്റിക് ഇടുന്നവരാണെങ്കില്‍ പോലും ലിപ്സ്റ്റിക് മാത്രം പുരട്ടിയാല്‍ അല്പം കഴിഞ്ഞ് ചുണ്ടുകള്‍ വരണ്ടു വികൃതമാകുക പതിവാണ്. ഇത് പരിഹരിക്കാന്‍ വാസ്‌ലിന്‍ ഒരു പ്രൈമറായി കണക്കാക്കി ചുണ്ടുകളില്‍ പുരട്ടിയ ശേഷം ലിപ്സ്റ്റിക് ഉപയോഗിച്ചോളൂ.

മുടി ഒതുങ്ങി നില്‍ക്കാന്‍
അഴിച്ചിട്ട മുടിയാണ് ഇപ്പോളത്തെ സ്‌റ്റൈല്‍. മുടി അഴിച്ചിട്ടാല്‍ അല്പം കഴിഞ്ഞാല്‍ അത് പാറിപറന്ന് വഷളാകുന്നതാണ് പലരുടേയും പ്രശ്‌നം. ഇത്തരത്തില്‍ ഒതുക്കമില്ലാത്ത മുടിയിഴകളെ ഇണക്കാന്‍ പറ്റിയ ഏജന്റാണ് വാസ്‌ലിന്‍.

വളരെ ചെറിയൊരളവില്‍ വാസ്‌ലിന്‍ എടുത്ത് രണ്ട് കൈകളിലുമായി പടര്‍ത്തി ആ കൈകള്‍ മുടിയിഴകളില്‍ തഴുകിയെടുക്കൂ. നല്ല തിളങ്ങുന്ന ഒതുക്കമുള്ള മുടി സ്വന്തമാക്കാനാകും

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍

മുടിയുടെ അറ്റം പിളരുന്ന പ്രശ്‌നത്തിന് ഏകപരിഹാരം മുടിയുടെ അറ്റം ട്രിം ചെയ്യുകയെന്നതാണ്. മിക്കവരും ഈ മാര്‍ഗ്ഗം തന്നെയാണ് ഉപയോഗിക്കാറുള്ളതും. എന്നാല്‍ ഒരു പാര്‍ട്ടിക്ക് തയ്യാറെടുക്കുന്നതിനിടക്ക് ഇതിനൊന്നും സമയം കാണില്ല. അപ്പോള്‍ ഒരല്പം വാസ്‌ലിന്‍ എടുത്ത് മുടിയുടെ അറ്റത്തായി നല്ലവണ്ണം തേച്ചുനോക്കൂ.

നിമിഷത്തിനുള്ളില്‍ തിളക്കമുള്ളതും അറ്റം പിളര്‍പ്പില്ലാത്തതുമായി തലമുടി നേടാം. ഓര്‍ക്കുക ഇത് താത്കാലിക പരിഹാരമാണ്. പിന്നീട് സമയം കിട്ടുമ്‌ബോള്‍ മുടിയുടെ അഗ്രം ട്രിം ചെയ്താല്‍ മതി.

പുരികം ഒതുക്കാം

ചിതറിയ പുരികം അമ്ബുപോലെ വളഞ്ഞുനില്‍ക്കണോ? അതിന് ഒരല്പം പെട്രോളിയം ജെല്ലി മതി. പുരികത്തിന് ആകാരം നല്‍കുന്ന രീതിയില്‍ ജെല്ലി തേച്ചു നോക്കൂ, ഏറെ നേരം ഇത് ഒരേ ആകാരവടിവില്‍ നില്‍ക്കുന്നതും കാണാം.

പെര്‍ഫ്യൂം ഏറെ നേരം സുഗന്ധം നല്‍കാന്‍

പെര്‍ഫ്യൂമകളുടെ സുഗന്ധം ഏറെ നേരെ നിലനില്‍ക്കണമെന്നില്ല. എന്നാല്‍ പെര്‍ഫ്യൂം ശരീരത്തിലടിക്കും മുമ്‌ബേ ആ ഭാഗത്ത് അല്പം പെട്രോളിയം ജെല്ലി പുരട്ടുക. അതിന് മുകളിലായി പെര്‍ഫ്യൂം സ്്രേപ ചെയ്യുക.

ചര്‍മ്മത്തില്‍ സ്‌പ്രേ പറ്റിനില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പെട്രോളിയം ജെല്ലിയില്‍ ഇത് പറ്റിനില്‍ക്കുകയും അതുവഴി ഏറെ നേരം പെര്‍ഫ്യൂം ഗന്ധം ശരീരത്തില്‍ തങ്ങി നിലനില്‍ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *