നിഖിൽ തോമസ് ഒളിവിൽ; എം.കോം രജിസ്ട്രേഷനും ബിരുദ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്.
എസ്.എഫ്.ഐ നേതാവ് നിഖില് തോമസിന്റെ വ്യാജ സര്ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല് ഉചിത നടപടി സ്വീകരിക്കുമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. പാര്ട്ടി അംഗത്വമുണ്ടെങ്കിലേ സര്വകലാശാലയില് പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ്. യോഗ്യതയില്ലെങ്കിലും ഇവർക്ക് സര്വകലാശാലകളില് വരെ ജോലി ലഭിക്കും. കേരളത്തിലേത് ദൗര്ഭാഗ്യകരമായ അവസ്ഥയാണ്. കെ. വിദ്യയെ പൊലീസ് കണ്ടെത്താത്തതിനെ സംബന്ധിച്ച ചോദ്യത്തിന്, ചില സംഘടനയില് അംഗത്വമെടുത്താല് പ്രത്യേക പരിഗണന ലഭിക്കുമെന്നായിരുന്നു ഗവർണറുടെ മറുപടി
എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ എം.കോം രജിസ്ട്രേഷനും ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കും. നിഖിൽ സമർപ്പിച്ച രേഖകളുടെ സാധുത തേടി കേരള സർവകലാശാല രജിസ്ട്രാർ റായ്പൂരിലെ കലിംഗ സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട്. രേഖകൾ വ്യാജമെന്ന മറുപടി ഔദ്യോഗികമായി ലഭിച്ചാൽ എം.കോം രജിസ്ട്രേഷൻ റദ്ദാക്കും. നിഖിലിന്റെ വ്യാജ ബി.കോം ബിരുദത്തിന് കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. രജിസ്ട്രേഷൻ റദ്ദാകുന്നതോടെ എഴുതിയ പരീക്ഷകളും ലഭിച്ച മാർക്ക് ലിസ്റ്റുകളും അസാധുവാകും. കായംകുളം എം.എസ്.എം കോളജിൽ എം.കോം പ്രവേശനം ഉറപ്പാക്കാൻ നിഖിൽ കേരള സർവകലാശാലയിൽനിന്ന് കലിംഗ സർവകലാശാലയുടെ ബി.കോം ബിരുദത്തിന് തുല്യത സർട്ടിഫിക്കറ്റ് നേടിയിരുന്നു.
കലിംഗ സർവകലാശാല രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ ബി.കോം സിലബസ്, സ്കീം എന്നിവ സഹിതമാണ് നിഖിൽ ബിരുദത്തിന് കേരളയിൽ തുല്യതക്ക് അപേക്ഷിച്ചത്. എന്നാൽ, കലിംഗ രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയതെന്ന രീതിയിൽ കേരള സർവകലാശാലയിൽ സമർപ്പിച്ച ബി.കോം സിലബസ്, സ്കീം രേഖകളും വ്യാജമാണെന്നാണ് സൂചന. ഇതിന്റെ പകർപ്പ് കൂടി കേരള സർവകലാശാല കലിംഗയിലേക്ക് പരിശോധനക്കായി കൈമാറിയിട്ടുണ്ട്. വ്യാജമെന്ന് വ്യക്തമായാൽ നിഖിലിന്റെ അപേക്ഷയിൽ കലിംഗ സർവകലാശാലയുടെ ബി.കോം (ബാങ്കിങ് ആൻഡ് ഫിനാൻസ്) ബിരുദത്തിന് കേരള സർവകലാശാല നൽകിയ അംഗീകാര ഉത്തരവ് തന്നെ പിൻവലിക്കേണ്ടിവരും.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല നിഖിലിന് നൽകിയ തുല്യത സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യും. നിഖിൽ സമർപ്പിച്ച ബി.കോം ബിരുദ സർട്ടിഫിക്കറ്റ്, പ്രൊവിഷനൽ സർട്ടിഫിക്കറ്റ്, മൂന്നു വർഷത്തെയും മാർക്ക് ലിസ്റ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്/ ടി.സി എന്നീ രേഖകളാണ് കേരള രജിസ്ട്രാർ ഇ-മെയിൽ വഴി റായ്പൂരിലെ കലിംഗ സർവകലാശാലയിലേക്ക് അയച്ചത്.
നിഖിൽ 2021 ഒക്ടോബർ 26ന് നൽകിയ അപേക്ഷയിലാണ് 2022 ജനുവരി 14ന് കേരള സർവകലാശാല കലിംഗയുടെ ബി.കോം ബിരുദത്തിന് അംഗീകാരം നൽകി ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ ബലത്തിലാണ് കേരള സർവകലാശാല നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് നൽകിയത്. കലിംഗ സർവകലാശാലയുടെ പേരിൽ നിഖിൽ നേരിട്ട് കേരള സർവകലാശാലയിൽ സമർപ്പിച്ച രേഖകളിലും മതിയായ പരിശോധന നടന്നിട്ടില്ല. നിഖിലിന്റേത് വ്യാജബിരുദമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതോടൊപ്പം സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നാണ് സർവകലാശാല അധികൃതർ നൽകുന്ന സൂചന.