കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി. പൂഞ്ച് ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
കൃഷ്ണഘാട്ടി സെക്ടറിലെ അതിർത്തി വേലി വഴിയായിരുന്നു ഭീകരർ കശ്മീരിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ മൂന്നംഗ സംഘത്തെ സുരക്ഷാ സേന വളഞ്ഞു.
പിടിക്കപ്പെടുമെന്ന് ആയതോടെ മൂന്ന് പേരും ചേർന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.വെടിയേറ്റ ഭീകരർ രക്ഷപ്പെടാൻ കഴിയാതെ നിലത്ത് വീണു. ഇതോടെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗത്തിനും പരിക്കേറ്റിട്ടുണ്ട്.
പിടിയിലായ ഭീകരർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. പരിക്കേറ്റ ജവാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സുരക്ഷാ സേന തകർത്തിരുന്നു. നാല് ഭീകരരെ ആയിരുന്നു അന്ന് സുരക്ഷാ സേന വധിച്ചത്.