വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി; പിടിക്കപ്പെടുമെന്ന് ആയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് കീറി കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്

വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി; പിടിക്കപ്പെടുമെന്ന് ആയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് കീറി കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്

June 24, 2023 0 By Editor

പാലക്കാട്: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്‌ഐ നേതാവ് വിദ്യ സമ്മതിച്ചതായി പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യ അട്ടപ്പാടി ചുരത്തിൽ വച്ച് ഈ സർട്ടിഫിക്കേറ്റ് കീറി കളഞ്ഞുവെന്നും പോലീസ് കോടതിയെ അറിയിച്ചു.

വ്യാജ സർട്ടിഫിക്കേറ്റിന്റെ പകർപ്പാണ് വിദ്യ കോളേജുകളിൽ ഹാജരാക്കിയിരുന്നത്. സർട്ടിഫിക്കേറ്റിന്റെ ഒറിജിനൽ പതിപ്പ് കേസിലെ നിർണായക തെളിവാണ്. ഇതാണ് വിദ്യ നശിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഫോണിൽ വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. ഇതിന് ശേഷം പ്രിന്റ് എടുത്ത പകർപ്പാണ് അട്ടപ്പാടി കോളേജിൽ ഹാജരാക്കിയിട്ടുള്ളത്.

സമാന രീതിയിലാണ് കരിന്തളം കോളേജിലും സർട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടുള്ളത്. തന്നെക്കാൾ യോഗ്യതയുള്ള ആൾ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇത് ജോലി നഷ്ടമാകുമോ എന്ന ഭയമുണ്ടാക്കി. ഇതേ തുടർന്നാണ് വ്യാജ സർട്ടിഫിക്കേറ്റ് വിദ്യ ചമച്ചത് എന്നും റിപ്പോർട്ടിലുണ്ട്.