ആഷിഫ് ഐഎസ്‍ ഭീകരരുടെ പരിശീലകന്‍; ആയുധ പരിശീലനം നടത്തിയത് സിറിയയില്‍; കൊടുംഭീകരനെന്ന് എന്‍ഐഎ” ടെലഗ്രാം വഴി ആശയ വിനിമയം

ആഷിഫ് ഐഎസ്‍ ഭീകരരുടെ പരിശീലകന്‍; ആയുധ പരിശീലനം നടത്തിയത് സിറിയയില്‍; കൊടുംഭീകരനെന്ന് എന്‍ഐഎ” ടെലഗ്രാം വഴി ആശയ വിനിമയം

July 24, 2023 0 By Editor

കൊച്ചി: സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത തൃശ്ശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. ഐഎസ് ഭീകരര്‍ക്ക് കേരളത്തില്‍ പരിശീലനം നല്കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ് ഇയാള്‍. പോപ്പുലര്‍ ഫ്രണ്ടുകാരനായ ഇയാള്‍ 2008ല്‍ തൃശ്ശൂര്‍ പാവറട്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബൈജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇവരിലൊരാളായ സിറാജുദ്ദീന്‍ സിറിയയിലേക്ക് കടന്നതായാണ് സൂചന. ആഷിഫ് സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടിയിട്ടുണ്ട്. ആഷിഫിന് ഐഎസ് നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. അവരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നുമുണ്ട്. ആഷിഫും കൂട്ടാളികളും തൃശ്ശൂര്‍ മതിലകത്ത് വീടിന് സമീപം ജിഹാദിനായി പ്രതിജ്ഞ (ബിയാത്ത്) എടുത്തിരുന്നു. സംസ്ഥാനത്ത് ജിഹാദ് എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പല പ്രാവശ്യം യോഗം ചേര്‍ന്നിരുന്നു.

കൊലപ്പെടുത്തേണ്ട മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് ഈ യോഗത്തില്‍വച്ച് തയാറാക്കി. ഇയാളുടെ ഫോണില്‍ അജ്ഞാതമായ പല ആപ്പുകളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം വഴിയായിരുന്നു ആശയ വിനിമയം.

ആഷിഫുമായി ബന്ധമുള്ള ചിലര്‍ക്ക് സിറിയയില്‍നിന്ന് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വനങ്ങളില്‍ ഇവര്‍ക്ക് ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്താണ് തീവ്രമത ആശയങ്ങളില്‍ ആകൃഷ്ടനായതെന്നും സമാനചിന്തകള്‍ പുലര്‍ത്തുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ആഷിഫ് മൊഴി നല്കി. ഇതിനുവേണ്ടിയാണ് ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.

ആഷിഫിന്റെ യാത്രാ പശ്ചാത്തലവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ പല രാജ്യങ്ങളിലെയും ഐഎസ് തലവന്‍മാരുമായി ഇയാള്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഐഎസിന്റെ ശക്തികേന്ദ്രങ്ങളായ പ്രവിശ്യകളുമായെല്ലാം നിരന്തരം ബന്ധപ്പെടാന്‍ കേരളത്തിന്റെ ഐഎസ് ഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ട്. ഐഎസ് ശക്തികേന്ദ്രമായ ഖൊറാസാന്‍ പ്രവിശ്യയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. സിറിയയില്‍ ആയുധ പരിശീലനത്തിന് കടന്നവരെല്ലാം തിരികെ എത്തിയോ എന്നും സംസ്ഥാനത്ത് നടന്ന ഭീകരവാദ ആയുധ പരിശീലനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്കിയിരുന്നോ എന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.