
അപ്രഖ്യാപിത ഹര്‍ത്താല്‍; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
April 18, 2018തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 900ത്തില്‍ അധികം പേരാണ്. അതിനിടെ, അപ്രഖ്യാപിത ഹര്‍ത്താലിന് എസ്ഡിപിഐയ്ക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശം പ്രചരിപ്പിച്ചത് ഇവരാണെന്നാണു കണ്ടെത്തല്‍.