24ഏക്കറില്‍ പരന്നുകിടക്കുന്ന മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന കേന്ദ്രം; ‘ഗ്രീൻ വാലി അക്കാദമിയ്‌ക്ക്’ പൂട്ടിട്ട് എൻഐഎ
മലപ്പുറം: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീൻ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയത്. ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സർവീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആറാമത്തെ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എൻഐഎ കണ്ടുകെട്ടിയത്.
മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിങ്ങനെ കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്‌ഐ പരിശീലന കേന്ദ്രങ്ങൾക്കെതിരെ എൻഐഎ നേരത്തെ നടപടിയെടുത്തിരുന്നു. ആയുധങ്ങളും ശാരീരിക പരിശീലനവും സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ ക്രിമിനൽ, ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഭീകരർ ഉപയോഗിച്ചിരുന്ന 12 ഓഫീസുകളും കണ്ടുകെട്ടിയിരുന്നു. സംഘടനാ നേതാക്കൾ ചാരിറ്റബിൾ, വിദ്യാഭ്യാസ ട്രസ്റ്റുകളുടെ മറവിൽ ഇത്തരം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു.