പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടിമാറ്റം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്.

1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകള്‍ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു.

കേസുകളില്‍ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ള കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്ന നിബന്ധന പുതിയ നിയമങ്ങളിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്യും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നൽകും.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.

2020-ലാണ് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡെന്‍സ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിംഗ് അധ്യക്ഷനായ സമിതിയില്‍ അന്നത്തെ എന്‍എല്‍യു-ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎന്‍എല്‍യു വിസി പ്രൊഫസര്‍ ഡോ ബല്‍രാജ് ചൗഹാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി എന്നിവരും ഉള്‍പ്പെടുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story