വ്യാജരേഖ ചമച്ചു; സതിയമ്മയ്‌ക്കെതിരെ കേസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച് അയല്‍വാസിയായ ലിജിമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സതിയമ്മയ്ക്ക് പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരാണ് മറ്റു പ്രതികള്‍. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പുറത്താക്കി എന്നതായിരുന്നു യുഡിഎഫ് ആരോപണം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ ലേഖകനോടാണ് ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം സതിയമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചര്‍ച്ചയായത്. ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുക്കുകയായിരുന്നു.

സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനെന്നായിരുന്നു മന്ത്രിമാരായ ജെ ചിഞ്ചുറാണിയും വി എന്‍ വാസവനും വ്യക്തമാക്കിയത്. സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മയുടെ ഭാഷ്യം. 'ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്‌നങ്ങളുള്ള ലിജിമോള്‍ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു'- സതിയമ്മയുടെ വാക്കുകള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story